മെക്‌സിക്കോയില്‍ നിന്നുള്ള ഹാന്‍ഡ് സാനിറ്റൈസറുകളില്‍ മെഥനോള്‍; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എഫ്ഡിഎ

    ഹൂസ്റ്റണ്‍: മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഹാന്‍ഡ് സാനിറ്റൈസര്‍കള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍ക അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. കോവിഡ് കാലത്ത് മെക്‌സിക്കോയില്‍ നിന്ന് നിരവധി കമ്പനികളുടെ ഹാന്‍ഡ് സാനിറ്റൈസറുകളാണ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. അവയെല്ലാം എത്തനോള്‍ (ഈതൈല്‍ ആല്‍ക്കഹോള്‍) ആണെന്നാണ് ലേബലുകള്‍. പക്ഷേ, മിക്കവയിലും മെഥനോള്‍ സാന്നിധ്യം എഫ്ഡിഎ കണ്ടെത്തി. മെഥനോള്‍ ശരീരത്തിനുള്ളിലെത്തിയാല്‍ ജീവഹാനി വരെ സംഭവിച്ചേക്കാമെന്നാണ് എഫ്ഡിഎ
    മുന്നറിയിപ്പ് നല്‍കുന്നത്.
    ‘അമേരിക്കയില്‍ മെഥനോള്‍ സാന്നിധ്യമുള്ള ഒരു മരുന്നുകളും അനുവദനീയമല്ല. അതിനാല്‍ തന്നെ ഹാന്‍ഡ് സാനിറ്റൈസറുകളില്‍ ഇതിന്റെ സാന്നിധ്യം അപകടകരമാണ്.  ഈ മഹാമാരിയുടെ കാലയളവില്‍ സാനിറ്റൈസറുകളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുവാന്‍ ഉള്ള സാഹചര്യം ഇല്ലാത്തപ്പോള്‍. ഇത്തരം സാഹചര്യങ്ങളില്‍ മോശം ക്വാളിറ്റി സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും’ എഫ്ഡിഐയുടെ അസോസിയേറ്റ് കമ്മീഷണര്‍ ജൂഡി മക്കീന്‍ പറഞ്ഞു.

    ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ എഫ്ഡിഎ പരിശോധിച്ച സാമ്പിളുകളില്‍ 84 ശതമാനവും ഗുണനിലവാരം ഇല്ലാത്തത് ആണെന്ന് കണ്ടെത്തി. അതില്‍ തന്നെ പകുതിയിലേറെ സാമ്പിളുകളില്‍ ഹാനികരമായ മെഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചു. ചില സാമ്പിളുകളില്‍ ഏറ്റവും അപകടകരമായ അളവില്‍ മെഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മെഥനോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ്. അന്ധത,  നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രയാസം, മരണം, എന്നിവ വരെ ഉണ്ടാക്കാം.