സ്വര്‍ണക്കടത്ത്-ഡോളര്‍ കേസിൽ 4 മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക്: കെ. സുരേന്ദ്രൻ

    തൃശൂര്‍: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക് പോവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുറ്റവാളികളായ പലര്‍ക്കും പ്രോട്ടോകോള്‍ ഓഫിസ് മുഖേന വിദേശ രാജ്യങ്ങളില്‍ വിവിഐപി പരിഗണന കിട്ടിയെന്നും തൃശൂരില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

    കുപ്രസിദ്ധരായ പല വിദേശ പൗരന്‍മാര്‍ക്കും പ്രോട്ടോകോള്‍ ഓഫിസര്‍ സൗകര്യം ചെയ്തുകൊടുത്തു. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും പ്രതികളായവര്‍ക്കും പ്രോട്ടോകോള്‍ ഓഫിസ് വഴി പരിഗണന കിട്ടി. ഭരണഘടനയുടെ ഏറ്റവും പവിത്രമായ സ്പീക്കര്‍ പദവി മലിനമാക്കിയ പി.ശ്രീരാമകൃഷ്ണന്‍ ഉടന്‍ രാജിവയ്ക്കണം. നിയമസഭാ മന്ദിരത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ധൂര്‍ത്തുകള്‍ ന്യായീകരണമില്ലാത്തതാണ്. സാര്‍വത്രികമായ അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്.

    കോടാനുകോടിയാണ് വിദേശത്തുനിന്നടക്കം കേരളം ഇതിനകം കടമെടുത്തത്, അതും നാട്ടിലെങ്ങുമില്ലാത്ത പലിശയ്ക്ക്. ഇക്കാര്യം ഇപ്പോള്‍ കോടതിയിലുമെത്തിയിരിക്കുന്നു. അഴിമതിയെ എതിര്‍ത്തതിനാല്‍ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവര്‍. ഭരണഘടനയെയും ജനാധിപത്യത്തെയും കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇനി ഒരിക്കലും തിരിച്ചുകയറാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്.