യന്തിരന്റെ കഥ മോഷ്‌ടിച്ചു’; സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

    ചെന്നൈ: സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. സൂപ്പർഹിറ്റ് ചിത്രം യന്തിരന്റെ കഥ മോഷ്‌ടിച്ചെന്ന കേസിലാണ് ചെന്നൈയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മജിസ്‌ട്രേറ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരൻ ആരുർ തമിഴ്‌നാടനാണ് ശങ്കറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

    2010ലാണ് എഴുത്തുകാരൻ മദ്രാസ് ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്‌തത്. തന്റെ കഥ ജുഗിബയുടെ കോപ്പിയാണ് യന്തിരൻ എന്നായിരുന്നു ആരോപണം. 1996 ഏപ്രിലിൽ ഇനിയ ഉദയം മാഗസിനിലാണ് ജുഗിബ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇതേ കഥ പിന്നീട് ടിക് ടിക് ദീപിക എന്ന പേരിൽ 2007ൽ പ്രസിദ്ധീകരിച്ചു. വഞ്ചന കുറ്റവും പകർപ്പവകാശ ലംഘനവും ആരോപിച്ചാണ് കേസ് ഫയൽ ചെയ്‌തത്.

    2019ൽ തനിക്കെതിരെയുളള ആരോപണങ്ങൾ നിരസിച്ചുകൊണ്ട് ശങ്കർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആവശ്യം കോടതി തളളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തളളുകയായിരുന്നു. 2017 മുതൽ കേസ് കേൾക്കുന്ന മജിസ്‌ട്രേറ്റ് കോടതിയാണ് സംവിധായകനൈതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19ന് മുമ്പായി സംവിധായകൻ നിർബന്ധമായും കോടതിയിൽ ഹാജരാവണമെന്നാണ് സെക്കൻഡ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് ജഡ്‌ജ് റോസിലൻ ധുരൈ ആണ് ഉത്തരവിറക്കിയത്.