കൊച്ചി രാജ്യത്തെ ഉന്നതമായ സഹവര്‍ത്തിത്വ ജീവിതവും സേവന വിതരണവുമുള്ള നഗരം: പ്രൊഫ.പാട്രിക് ഹെല്ലര്‍

  • ഇ.എം.എസിന് കീഴില്‍ ജനാധിപത്യത്തെ വികേന്ദ്രീകരിക്കുന്നതില്‍ കേരളം സമ്പന്നമായ പരീക്ഷണം നടത്തിയെന്ന് അക്കാദമിക് വിദഗ്ധര്‍                                              
    തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ അക്കാദമിക് വിദഗ്ധര്‍ 15 ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ രാജ്യത്ത് ഏറ്റവും ഉന്നതമായ സഹവര്‍ത്തിത്വ ജീവിതവും സേവന വിതരണവും സാധ്യമാകുന്നത് കൊച്ചിയിലാണെന്ന് അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റി വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സോഷ്യോളജി ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് പബ്ലിക് അഫയേഴ്സ് വിഭാഗം പ്രൊഫ. പാട്രിക് ഹെല്ലര്‍ അഭിപ്രായപ്പെട്ടു.

    നഗരങ്ങളെ ശാക്തീകരിക്കുന്നതിനും ജനാധിപത്യവല്‍ക്കരിക്കുന്നതിനുമുള്ള വെല്ലുവിളി രാജ്യത്തെ ഏറ്റവും വലിയ വികസന പ്രതിസന്ധികളില്‍ ഒന്നായി നിലനില്‍ക്കുമ്പോഴാണ് കൊച്ചിയുടെ ഈ നേട്ടം. മിക്ക മേഖലകളിലും കൊച്ചി നന്നായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ശുചിത്വ വിഷയത്തില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവി വീക്ഷണത്തോടെ കേരളം എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ ‘വികേന്ദ്രീകരണവും പ്രാദേശിക ഭരണവും’ ഉപസെഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ പ്രൊഫ.പാട്രിക് ഹെല്ലര്‍ സര്‍വേയിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.

    ഇന്ത്യന്‍ നഗരങ്ങളിലെ മൊത്തത്തിലുള്ള സഹവര്‍ത്തിത്വ ജീവിതം ശക്തമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍. ജനപ്രതിനിധികളായ കൗണ്‍സിലര്‍മാര്‍ സജീവമായിട്ടുള്ള നഗരങ്ങളാണ് നിലവാരത്തില്‍ മികച്ചുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ കൊച്ചിയുടെ മികവ് പ്രത്യേകം എടുത്തുപറയണം. കേരളത്തില്‍ അതിവേഗം വളര്‍ന്നുവരുന്ന നഗരങ്ങള്‍ക്ക് സ്വയംഭരണവും കൂടുതല്‍ നിയമനിര്‍മ്മാണ അധികാരങ്ങളും നല്‍കുന്ന തരത്തില്‍ തന്ത്രപരമായ ആസൂത്രണത്തിലൂടെ അവയെ ‘സംസ്ഥാനങ്ങള്‍ക്കുള്ളിലെ സംസ്ഥാനങ്ങള്‍’ ആക്കിമാറ്റാമെന്നും ‘ദി ലേബര്‍ ഓഫ് ഡെവലപ്മെന്‍റ്: വര്‍ക്കേഴ്സ് ഇന്‍ ദി ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ക്യാപിറ്റലിസം ഇന്‍ കേരള’ എന്ന ശ്രദ്ധേയ പുസ്തകത്തിന്‍റെ രചയിതാവ് കൂടിയായ പ്രൊഫസര്‍ ഹെല്ലര്‍ പറഞ്ഞു.

    നഗരവല്‍ക്കരണം, താരതമ്യ ജനാധിപത്യം, സാമൂഹിക മുന്നേറ്റങ്ങള്‍, വികസന നയം, സിവില്‍ സമൂഹം, സംസ്ഥാനങ്ങളുടെ പരിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഹെല്ലര്‍ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചുമായി സഹകരിച്ച് നടത്തുന്ന പുതിയ പ്രൊജക്ടില്‍ ന്യൂഡല്‍ഹിയിലെ ഭരണത്തിന്‍റെ ചലനാത്മകതയെയും സാമൂഹിക നിഷേധങ്ങളെയുമാണ് പഠനവിധേയമാക്കുന്നത്.

    ലോകത്തെവിടെയും ജനാധിപത്യത്തെ വികേന്ദ്രീകരിക്കുന്നതില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സമ്പന്നവും ആകര്‍ഷകവുമായ പരീക്ഷണങ്ങളിലൊന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ മുഖ്യമന്ത്രി പദത്തിനു കീഴില്‍ കേരളത്തില്‍ നടന്നതെന്ന് പാട്രിക് ഹെല്ലര്‍ അഭിപ്രായപ്പെട്ടു. അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത് പഞ്ചായത്തുകളിലായിരുന്നു. നയരൂപ കര്‍ത്താക്കള്‍ നഗരങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന സമയമാണിത്. നിരന്തരം വളരാനുള്ള ശേഷി കാണിക്കുന്നുവെന്നതാണ് നഗരങ്ങളുടെ സവിശേഷത. വര്‍ദ്ധിച്ചുവരുന്നതും വ്യത്യസ്തവുമായ തൊഴില്‍ വിഭാഗങ്ങളില്‍ നിന്ന് വന്‍ വരുമാനം നേടാന്‍ നഗരങ്ങള്‍ക്ക് കഴിയും. സമഗ്രമായ വളര്‍ച്ചയിലൂടെയല്ലാതെയുള്ള നഗരങ്ങളുടെ വളര്‍ച്ച സുസ്ഥിരമായിരിക്കില്ല. ശക്തമായ വികേന്ദ്രീകരണ അടിത്തറ മുന്‍നിര തൊഴിലാളികളെ ശാക്തീകരിക്കുകയും അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


    കേരളത്തിലെ പ്രാദേശിക ഭരണം സവിശേഷമാണെന്നും കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനിടയില്‍ ഇത് പ്രതിഫലിച്ചുവെന്നും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വി.കെ.രാമചന്ദ്രന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

    പരിസ്ഥിതിയോടുള്ള വികസനവും ഉത്തരവാദിത്തവും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രമായ സമീപനത്തിന് ആഹ്വാനം ചെയ്യണമെന്ന് സെഷനില്‍ മോഡറേറ്ററായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി. ശാരദ ജി. മുരളീധരന്‍ പറഞ്ഞു.

    ഒരു സോഷ്യലിസ്റ്റ് സമൂഹത്തില്‍ മത്സരമെന്നത് വെറുപ്പുളവാക്കുന്നതാണെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫസര്‍ എമെറിറ്റസ് പ്രൊഫ.പ്രഭാത് പട്നായിക് പറഞ്ഞു. പഞ്ചായത്തുകള്‍ ചൈനീസ് കമ്യൂണുകളുടെ മാതൃക പിന്തുടരണമെന്നും ഇത് ഗാന്ധിജി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

    മികച്ച ഭരണവും ട്രാക്ക് റെക്കോര്‍ഡും ഉയര്‍ന്ന മാനവ വികസന സൂചികകളും കാരണം പങ്കാളിത്ത ബജറ്റിംഗും വികേന്ദ്രീകരണവും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് യേല്‍ സര്‍വകലാശാലയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് കൗണ്‍സില്‍ വിസിറ്റിംഗ് ഫെലോ പ്രൊഫ.ഹാരി ബ്ലെയര്‍ പറഞ്ഞു.

    ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ.എസ്.എസ്. മീനാക്ഷിസുന്ദരം, മസ്ദൂര്‍ കിസാന്‍ ശക്തി സംഘതാന്‍ സ്ഥാപകന്‍ ശ്രീമതി. അരുണ റോയ്, മുന്‍ ചീഫ് സെക്രട്ടറിയും ആറാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷനുമായ ശ്രീ.എസ്.എം.വിജയാനന്ദ്, സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസിലെ പ്രൊഫസര്‍ ഡോ.ജെ.ദേവിക, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ.കെ.എന്‍ ഹരിലാല്‍, ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃത ആസൂത്രണ വിഭാഗം മേധാവി ശ്രീമതി. ജോസഫൈന്‍ ജെ. എന്നിവരും സെഷനില്‍ പങ്കെടുത്തു.