ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നത് അപകടകരമാണെന്ന് ജില്ലാ കലക്ടർ

തൃശൂർ: ജില്ലയിൽ വിവിധ ഇടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ഉത്സവങ്ങൾക്ക് കൂടുതൽ ആനകളെ അനുവദിക്കുന്നത് അപകടകരമാണെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളിൽ മൂന്ന് ആനകൾക്കും പുറത്ത് ഒരു ആനയ്ക്കുമാണ് നിലവിൽ അനുമതി. ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് കലക്ടർ അറിയിച്ചു. ജനക്കൂട്ടം ഒഴിവാക്കി
ഉത്സവങ്ങൾ നടത്തുന്നത് സംബന്ധിച്ച് ആന ഉടമകൾ, ആന തൊഴിലാളികൾ, ഫോറസ്റ്റ്, അനിമൽ വെൽഫെയർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

തെച്ചികോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയെ എഴുന്നള്ളിപ്പിന് അനുവദിക്കണം എന്ന ആവശ്യം ഉപാധികളോടെ പരിഗണിക്കാമെന്ന് ജില്ല കലക്ടർ അറിയിച്ചു. ആനയെ സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച ശേഷം തൃപ്തികരമെങ്കിൽ എഴുന്നള്ളിപ്പിന് അനുമതി നൽകും. ജീവനക്കാരുടെ ഉപജീവനം കണക്കിലെടുത്ത് അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് സംഘടന പ്രതിനിധികൾ യോഗത്തിൽ ആവശ്യപെട്ടിരുന്നു.

 

ദുരിതാശ്വാസ വിഭാഗം ഡെപ്യൂട്ടി കലക്ടർ പ്രദീപ് പി എ,
അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർ
പി എം പ്രഭു, അനിമൽ വെൽഫെയർ ബോർഡ് പ്രധിനിധി
ഡോക്ടർ എം എൽ ജയചന്ദ്രൻ,
വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.