എം.ബി രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമനം റദ്ദാക്കില്ല’ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാൻസിലർ

    കൊച്ചി: സി.പി.എം നേതാവും പാലക്കാട്  മുന്‍ എംപിയുമായി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണച്ചേരിയെ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത് പുനപരിശോധിക്കില്ലെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാൻസിലർ ധര്‍മ്മരാജ് അടാട്ട്. നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്നും വി സി വിഷയവിദഗ്ദ്ധ സമിതിക്കെതിരെയും ധര്‍മരാജ് രംഗത്തെത്തി.

    നിനിത കണച്ചേരിയുടെ നിയമനത്തില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ധര്‍മ്മരാജ് അടാട്ടിന്റെ നിലപാട്. അതുകൊണ്ടു തന്നെ അന്വേഷണത്തിന്റെ ആവശ്യമില്ല. മാര്‍ക്ക് ലിസ്റ്റും പുറത്ത് വിടില്ല. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെ ഇത് കൈമാറുകയൊള്ളൂ. നിയമനം സംബന്ധിച്ച് രണ്ടു ദിവസത്തിനകം ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. വിഷയ വിഗദ്ധരുടെ കത്ത് സര്‍വകലാശാല ചോര്‍ത്തിയിട്ടില്ല. വിഷയ വിദഗ്ദ്ധരെ നിയമിച്ചത് ആരുടെയും പേര് പറയാനല്ലെന്നും വി.സി പറഞ്ഞു.

    സര്‍വകലാശാല മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സംഗീത തിരുവളിന്റെ നിയമനം സംബന്ധിച്ച വിവാദങ്ങളെയും വൈസ് ചാൻസിലർ തള്ളി. സി.പി.എമ്മിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലല്ല സംഗീതയ്ക്ക് ജോലി നല്‍കിയത്. ധീവര സമുദായത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥിക്കു വേണ്ടിയായിരുന്നു ഒഴിവ്. യോഗ്യത ഉണ്ടായിരുന്നത് സംഗീതയ്ക്ക് മാത്രമായതിനാലാണ് അവരെ നിയമിച്ചതെന്നും ധര്‍മരാജ് അടാട്ട് പറഞ്ഞു.

    ഡോ.സംഗീത തിരുവള്‍ പറവൂരിലെ പാര്‍ട്ടി സഹയാത്രികയാണെന്നും മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം ലഭിയ്ക്കാന്‍ കഴിയാവുന്ന സഹായം ചെയ്യണമെന്നുമായിരുന്നു ശുപാര്‍ശ കത്ത്. പറവൂര്‍ ഏരിയ സെക്രട്ടറി ടി ആര്‍ ബോസാണ് ജില്ലാ സെക്രട്ടറിയ്ക്ക് കത്തയച്ചത്. കഴിഞ്ഞയാഴ്ച്ച ഡോ. സംഗീത മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയാകുകയും ചെയ്തിരുന്നു.