എന്‍സിപി മുന്നണി വിടുമെന്ന ആശങ്കയില്ല; വെള്ളിയാഴ്ച ആവട്ടെ, അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന ആശങ്കയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു പാര്‍ട്ടികള്‍ എല്‍ഡിഎഫിലേക്കു പുതുതായി വന്ന സാഹചര്യത്തില്‍ നിലവിലുള്ള പാര്‍ട്ടികള്‍ ചില സീറ്റുകള്‍ വരുന്നവര്‍ക്ക് കൊടുക്കേണ്ടിവരും. സിപിഎം ആ തീരുമാനമാണ് എടുത്തിരിക്കുന്നത്.

ചര്‍ച്ചകള്‍ ആരംഭിച്ചാലേ മറ്റു പാര്‍ട്ടികളുടെ തീരുമാനം അറിയാന്‍ കഴിയൂ. എല്‍ഡിഎഫില്‍ സീറ്റു നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. മുന്നണി വിടുമോയെന്ന കാര്യത്തില്‍ എന്‍സിപി പ്രസിഡന്റാണ് മറുപടി പറയേണ്ടത്. അദ്ദേഹം പറഞ്ഞത് എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നാണ്. എല്‍ഡിഎഫ് ഭദ്രമായ നിലയില്‍ നില്‍ക്കുകയാണ്. പ്രഫുല്‍ പട്ടേല്‍ എന്നെ വിളിച്ചിരുന്നു. എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ പങ്കുവച്ചു. അദ്ദേഹം കേരളത്തിലേക്കു വരുമെന്നു പറഞ്ഞപ്പോള്‍ സ്വാഗതം ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നണി മാറ്റത്തില്‍ മാണി സി.കാപ്പന്‍ വെള്ളിയാഴ്ച നിലപാട് പ്രഖ്യാപിക്കുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വെള്ളിയാഴ്ച ആവട്ടെ അപ്പോള്‍ നോക്കാമെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അര്‍ഥശങ്കയില്ലാതെ എന്‍സിപി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ നിലപാട് പറഞ്ഞിട്ടുണ്ട്. തെറ്റായി ഒരു സംഭവം നടക്കുമെന്നു കാണുന്നില്ല. എന്‍സിപിക്കു പാലാ സീറ്റു നല്‍കുമോയെന്ന ചോദ്യത്തിന്, അതു പിന്നീട് തീരുമാനിക്കുമെന്നും ഈ സാഹചര്യത്തില്‍ എന്തെങ്കിലും പറയാനാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.