എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ കണക്കില്‍ പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ ആണ്. ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ശിവശങ്കറിന് എതിരെ തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടില്ല എന്നാണ് ഇ ഡി യുടെ വാദം. ഈ സാഹചര്യത്തില്‍ ജാമ്യം അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഇ ഡി കോടതിയില്‍ ആവശ്യപ്പെടും. കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ആയ ബി വി ബല്‍റാം ദാസ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അഞ്ച് ചെറിയ പിഴവുകള്‍ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഹരിച്ചാല്‍ ഉടന്‍ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കും എന്ന് അഭിഭാഷക വൃത്തങ്ങള്‍ അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായിരുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആയിരുന്നു. അദ്ദേഹവും ആയി ഇ ഡി യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷം ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. ഇ ഡി ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവോ ആകും സുപ്രീം കോടതിയില്‍ ഹാജരാകുക.