സ്വപ്ന സുരേഷിന് ശമ്പളം 3.18 ലക്ഷം: സ്‌പേസ് പാര്‍ക്ക് മേധാവിക്ക് 85,000 രൂപ മാത്രം

തിരുവനന്തപുരം വ്യാജ ബിരുദധാരിയായ സ്വപ്ന സുരേഷിനെ പ്രതിമാസം 3.18 ലക്ഷം രൂപ ചെലവില്‍ ജോലിക്കു വച്ച സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ മേധാവിക്കു ലഭിക്കുക പ്രതിമാസം 85,000 രൂപ മാത്രം! സ്വപ്നയെ കൊണ്ടുവന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ കമ്മിഷന്‍ തുക മാറ്റിവച്ചാല്‍ പോലും സ്വപ്നയ്ക്കു ശമ്പളമായി കിട്ടിയിരുന്നത് 1.12 ലക്ഷം രൂപയാണ്.

കഴിഞ്ഞ ദിവസമാണു സ്‌പേസ് പാര്‍ക്ക് പ്രോജക്ട് ഡയറക്ടറുടെ യോഗ്യതകളും ശമ്പളവും സര്‍ക്കാര്‍ നിശ്ചയിച്ചത്. ബഹിരാകാശ മേഖലയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയില്‍ 25 വര്‍ഷ പരിചയമുള്ളയാളെയാണു സ്‌പേസ് പാര്‍ക്ക് മേധാവിയായി നിയമിക്കുക. യോഗ്യതയൊന്നുമില്ലാതിരുന്ന സ്വപ്നയെ ഒരു ജൂനിയര്‍ പോസ്റ്റില്‍ ഡയറക്ടറുടെ ശമ്പളത്തിലും ഉയര്‍ന്ന തുകയ്ക്കു നിയമിച്ചതെങ്ങനെയെന്ന ചോദ്യവും ഉയരുന്നു.

65 ആണ് പരമാവധി പ്രായം. ഐഎസ്ആര്‍ഒയില്‍ നിന്നുള്ളവര്‍ക്കു മുന്‍ഗണനയുണ്ട്. 2 വര്‍ഷത്തേക്കാണു നിയമനം.

നിലവില്‍ ഐസിടി അക്കാദമിയുടെ സിഇഒയ്ക്ക് സ്‌പേസ് പാര്‍ക്ക് മേധാവി സ്ഥാനം അധികച്ചുമതലയായിട്ടാണു നല്‍കിയിരിക്കുന്നത്. പുതിയ മേധാവിയെ കണ്ടെത്താന്‍ ഐടി സെക്രട്ടറി, ധനസെക്രട്ടറി എന്നിവരുടെ കമ്മിറ്റിയും രൂപീകരിച്ചു.