‘മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റില്ല’, ആർക്കും ഇളവ് നൽകില്ലെന്നും കാനം രാജേന്ദ്രൻ

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ മാനദണ്ഡത്തിൽ ആർക്കും ഇളവ് നൽകില്ല.  സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം.ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

    മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ല. ഇടത് മുന്നണിയില്‍ പുതിയ പാര്‍ട്ടികള്‍ വന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയുമോ എന്ന് പറയാനാകില്ല. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമടക്കം ഇടതു മുന്നണി പ്രവേശനം നേടിയ സാഹചര്യത്തില്‍ ഇത്തവണ സീറ്റുകളുടെ എണ്ണം കുറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോള്‍ സീറ്റുകള്‍ കുറയും. ഇത് സര്‍വസാധാരണമാണ്. സീറ്റ് നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

    എന്‍.സി.പി ഇടതുമുന്നണി വിടുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യത്തില്‍ എന്‍.സി.പി നേതൃത്വം അന്തിമ തീരുമാനം അറിയിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്.  സമരം സര്‍ക്കാരിനെ ബാധിക്കില്ല. കര്‍ഷക സമരവും കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുമെന്നും കാനം പറഞ്ഞു.

    തസ്തിക വെട്ടിക്കുറയ്ക്കുന്നതിനെതിരെ വലിയ സമരം ഇടതുപക്ഷം നടത്തിയിട്ടുണ്ട്. അതിനാൽതന്നെ ഇടതുസർക്കാർ 45,000 തസ്തികകൾ സൃഷ്ടിച്ചു. 2021 ജനുവരി 31വരെ 1,57,911 പേർക്കു പിഎസ്‌സി വഴി നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റ് ഈ സർക്കാരിന്റെ കാലത്ത് പ്രസിദ്ധീകരിച്ചു. ഇതൊക്കെ യുഡിഎഫിനേക്കാള്‍ കൂടുതലാണെന്നും കാനം പറ‍ഞ്ഞു.