കേരള ബി.ജെ.പിയിലെ സംഘടനാ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ശേഭാ സുരേന്ദ്രൻ

ന്യൂഡൽഹി: ബി.ജെ.പി കേരള ഘടകത്തിൽ നിലനിൽക്കുന്ന  സംഘടനാ പ്രശ്നങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ശേഭാ സുരേന്ദ്രൻ. ദേശീയ അധ്യക്ഷന്റെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ശോഭ സുരേന്ദ്രൻ പറഞ്ഞു.

നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ശോഭ ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. സംഘടനയിൽ സജീവമാകാൻ പ്രധാനമന്ത്രി ശോഭ സുരേന്ദ്രന് നിർദ്ദേശം നൽകിയെന്നാണ് വിവരം. നേരത്തെ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുമായി ശോഭ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പത്തു മാസമായി മാറിനിന്ന ശോഭാ സുരേന്ദ്രൻ തൃശൂരിൽ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പങ്കെടുത്ത യോഗത്തിനെത്തിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റാക്കിയതിനെ തുടർന്നായിരുന്നു അസ്വാരസ്യങ്ങൾ ആരംഭിച്ചത്. തരം താഴ്ത്തിയതിനാൽ കോർ കമ്മറ്റിയിൽ പങ്കെടുക്കാനാവത്തതും ശോഭ സുരേന്ദ്രന്റെ അതൃപ്തിക്ക് കാരണമായിരുന്നു