കൊച്ചി നഗരത്തിന്റെ മുഖഛായ മാറും; 3 പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

    കൊച്ചി ∙ നഗരത്തിന്റെ മുഖഛായ മാറ്റുന്ന 3 പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം രാവിലെ 11.30ന് വൈറ്റില വാട്ടർ മെട്രോ ടെർമിനലിൽ മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുട്ടി പുതിയ പാലം, കൊച്ചി നഗര കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

    വാട്ടർ മെട്രോയുടെ വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള റൂട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതുജനങ്ങൾക്കുള്ള സർവീസ് അടുത്ത മാസം തുടങ്ങും. കൊച്ചി മെട്രോ സ്റ്റേഷനുകൾക്കു സമാനമായി രാജ്യാന്തര നിലവാരത്തിലുള്ള ടെർമിനലുകളാണു വാട്ടർ മെട്രോയിലും നിർമിക്കുന്നത്. 15 റൂട്ടുകളിലായി 38 ജെട്ടികളാണുള്ളത്. 678 കോടി രൂപയാണു പദ്ധതി ചെലവ്. ആദ്യ ഘട്ടത്തിൽ 16 ജെട്ടികളാണു നിർമിക്കുന്നത്. പേട്ട–എസ്എൻ ജംക്‌ഷൻ മെട്രോ നിർമാണത്തിന്റെ ഭാഗമായാണു പനംകുട്ടി പാലം പൂർത്തിയാക്കിയത്. 17.2 കോടി രൂപ ചെലവിലാണു നിർമിച്ചത്. 250 മീറ്ററാണു പാലത്തിന്റെ നീളം. വിചാരിച്ചതിലും 7 മാസം നേരത്തെ പൂർത്തിയാക്കാൻ കഴിഞ്ഞു.

    ഗതാഗത യോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1528 കോടി ചെലവഴിച്ചു നടപ്പാക്കുന്ന സംയോജിത നഗര നവീകരണ, ജല ഗതാഗത പദ്ധതിയിൽപ്പെടുത്തിയാണു കനാലുകൾ നവീകരിക്കുന്നത്. തേവര– പേരണ്ടൂർ കനാൽ (9.84 കിമീ),  ഇടപ്പള്ളി കനാൽ (11.15 കിമീ), ചെലവന്നൂർ കനാൽ (11.23 കിമീ), തേവര കനാൽ (1.41 കിമീ), മാർക്കറ്റ് കനാൽ (0.66 കിമീ), കോന്തുരുത്തി കനാൽ (0.67 കിമീ) എന്നിവയാണു നവീകരിക്കുന്നത്. 16.5 മീറ്റർ വീതിയിലാണു കനാൽ ശൃംഖല ഗതാഗത യോഗ്യമാക്കുന്നത്. കെഎംആർഎല്ലാണു പദ്ധതി നടപ്പാക്കുന്നത്.

    കൊച്ചി മെട്രോയും വാട്ടർ മെട്രോയുമായി ബന്ധിപ്പിച്ചു ലാസ്റ്റ് മൈൽ കണക്ടിവിടിയും ഉറപ്പാക്കും. കനാലുകൾക്കു കുറുകെയുള്ള  56 മേൽപ്പാലങ്ങളും 31 നടപ്പാലങ്ങളും ബോട്ടുകൾക്കു കടന്നു പോകാവുന്ന ഉയരത്തിൽ പുനർനിർമിക്കും. കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്നവരെ പുനരധിവസിപ്പിക്കാൻ കാക്കനാട് തുതിയൂർ ആദർശ് നഗറിൽ 280 യൂണിറ്റുകളുള്ള ഹൗസിങ് കോംപ്ലക്സിന്റെ നിർമാണം വൈകാതെ ആരംഭിക്കും. കനാലുകളിലേക്കു മാലിന്യം തള്ളുന്നതു ഒഴിവാക്കാൻ മാലിന്യ സംസ്കരണ പ്ലാന്റുകളും സൂവിജ് ശൃംഖലയും നിർമിക്കും. കനാലുകൾക്ക് അരികിൽ പുൽത്തകിടികളും വിശ്രമ കേന്ദ്രങ്ങളും വരും.