റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിൽ ഇഴഞ്ഞും യാചിച്ചും പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല മുന്നോട്ടുവച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവര്‍ഷം നീട്ടിയാല്‍ 345 പേര്‍ക്ക് നിയമനം ലഭിക്കുമെന്നാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. എല്‍ജിഎസ് പട്ടിക ഒന്നരക്കൊല്ലം നീട്ടണം. സിപിഒ പട്ടികയിലുള്ളവരുെട വാദത്തെ കോടതിയില്‍ സര്‍ക്കാര്‍ പിന്താങ്ങണം. ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഇടതു സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരോട് പ്രതികാരം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് നടന്ന നിയമനങ്ങളും  ഉമ്മന്‍ചാണ്ടി താരതമ്യം ചെയ്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയാണ് സര്‍ക്കാരിന്. മൂന്ന് വര്‍ഷം തികഞ്ഞ പട്ടികയെല്ലാം സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡ്വൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.