‘ചലച്ചിത്ര അക്കാദമി കറക്കു കമ്പനി’; ഡിവൈഎഫ്ഐ സമരം ചെയ്യേണ്ടത് ഇവർക്കെതിരെയെന്ന് സംവിധായകൻ

കണ്ണൂർ:  ചലച്ചിത്ര അക്കാദമി കറക്കു കമ്പനിയാണെന്നും, അക്കാദമിയിലെ ചിലർ‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും സംവിധായകൻ ടി.ദീപേഷ്. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ ഐഎഫ്എഫ്കെ ജൂറിയിലുണ്ട്. യുക്തിപരമായ സിനിമ എടുക്കുന്നവർക്ക് സ്ഥാനമില്ലെന്നും തന്റെ സിനിമ ‍മേളയിൽ നിന്നു തള്ളപ്പെട്ടത് അങ്ങനെയാണെന്നും ദീപേഷ് ആരോപിച്ചു.

കൂത്തുപറമ്പ് നഗരസഭയുടെ ആദ്യ അധ്യക്ഷയും നിലവിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.വി.മാലിനിയുടെ മകനാണു ദീപേഷ്.

ഇടതുപക്ഷത്തിനൊപ്പമെന്നു നടിച്ച് അക്കാദമിയിലെ ചിലർ കഴിഞ്ഞ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രിയെ അപമാനിക്കും വിധം നടത്തി. അക്കാദമി എക്സിക്യൂട്ടിവ് അംഗമായ സിബി മലയിൽ പരസ്യമായി സർക്കാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു. ഡിവൈഎഫ്ഐ ഇവർക്കെതിരെയാണു സമരം ചെയ്യേണ്ടത്. അക്കാദമി അംഗങ്ങളെ യുഡിഎഫ് ജാഥയിൽ കണ്ടാലും അതിശയിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമി അവാർഡ് നേടിയവരെ പോലും മേളയിൽ പങ്കെടുപ്പിക്കുന്നില്ല. ബോധപൂർവമായ മാറ്റി നിർത്തലാണിത്. സലിം കുമാറിനെ മാറ്റി നിർത്തിയത് ഗ്ലാമർ താരമല്ലാത്തതിനാലാണ്. ഇതിൽ ജനപ്രതിനിധികൾ ഇടപെടണം. തലശ്ശേരി ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് അക്കാദമി അംഗം പണം കൈപ്പറ്റിയെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. ‘

രാജ്യാന്തര മേളയിൽ അംഗീകാരം ലഭിച്ച ചിത്രമായിരുന്നു എന്നറിഞ്ഞെങ്കിൽ പരിഗണിച്ചേനെ, ചില ചിത്രങ്ങൾ അങ്ങനെയാണു പരിഗണിച്ചത്’ എന്ന് ജൂറി അംഗം പറഞ്ഞതിന്റെ ശബ്ദരേഖ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.