തണുത്തുറഞ്ഞ് യു.എസിന്റെ എണ്ണ തലസ്ഥാനമായ ടെക്സസ്; കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില

യുഎസിന്റെ എണ്ണ ആസ്ഥാനമായ ടെക്സസ് തണുത്തുറഞ്‍തോടെ രാജ്യാന്തര എണ്ണ വിപണിയിലും അത് പ്രതിഫലിച്ചു തുടങ്ങി. പരിണമിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 65 യുഎസ് ഡോളർ കടന്നു. ഇത് കഴിഞ്ഞ ഒരു വർഷത്തിനിടയിലെ റെക്കോർഡാണ്. പത്തു മാസം മുമ്പ് ക്രൂഡ് വില ബാരലിന് 16 ഡോളറായിരുന്നു വില.

കഴിഞ്ഞ 30 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനിലയാണ് ടെക്സസിലേത്. – 18 ഡിഗ്രി വരെ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തി.  ചരക്കു നീക്കം മുതൽ വൈദ്യുതി ഉൽപാദനം വരെ തടസ്സപ്പെട്ടു. പെട്രോളിയം റിഫൈനറികളുടെ പ്രവർത്തനവും മന്ദഗതിയിലായി. ഉൽപാദനം പ്രതിദിനം നാലു ദശലക്ഷം ബാരലോളം കുറഞ്ഞെന്നാണ് വിവരം. ഇത് യുഎസിന്റെ റിഫൈനിങ് ശേഷിയുടെ 40 ശതമാനം വരും. യുഎസിൽനിന്നുള്ള എണ്ണ– വാതക നീക്കവും നിലച്ചു. ഒരാഴ്ചയ്ക്കിടെ 16 ദശലക്ഷം ബാരൽ എണ്ണ ലഭ്യത കുറഞ്ഞെന്നാണ് ആദ്യ കണക്കുകൂട്ടൽ. എന്നാൽ ഇതിനകം തന്നെ ഇതിന്റെ ഇരട്ടി ഉദ്പാദനം നഷ്ടമായെന്ന് സൂചനയുണ്ട്.

എണ്ണ ഉത്പാദക– കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഉൽപാദന നിയന്ത്രണം നടപ്പിലാക്കുകയും എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സൗദി അറേബ്യ സ്വമേധയാ കൂടുതൽ നിയന്ത്രണം പ്രാബല്യത്തിലാക്കുകയും ചെയ്തിരിക്കെയാണ് ഈ യുഎസ് ഷോക്ക്.

യുഎസ് സപ്ലൈയിലെ കുറവു പരിഹരിക്കാൻ യുറോപ്യൻ എണ്ണ കയറ്റുമതിക്കാർ സജീവമായെങ്കിലും വില കുതിച്ചുകയറി. കടുത്ത പ്രതിസന്ധിയിലായിരുന്ന യൂറോപ്യൻ എണ്ണക്കമ്പനികൾക്ക് ഏതായാലും ഈ പ്രതിസന്ധി പിടിവള്ളിയായി. എണ്ണയുമായി മറ്റു വിപണികളിലേക്കു നീങ്ങിയിരുന്ന യൂറോപ്യൻ കമ്പനികളുടെ ടാങ്കറുകൾ യുഎസ് വിപണിയിലെ കുറവ് പരിഹരിക്കാനായി വഴിതിരിച്ചു വിടുന്നതായി റിപ്പോർട്ടുണ്ട്.