‘അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത് ഞാനല്ല’; കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി കാമസൂത്ര നായിക

മുംബൈ: വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് സൈബർ പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റിൽ നിന്നു സംരക്ഷണം തേടി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണിത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.

താൻ ചതിക്കപ്പെട്ടതാണെന്നും അറിവോ, അനുമതിയോ ഇല്ലാതെയാണ് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ഷെർലിൻ ചോപ്ര അവകാശപ്പെട്ടു. അശ്ലീല ദൃശ്യങ്ങളുടെ പ്രചാരണത്തിൽ തന്റെ മനഃപൂർവമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും രാജ്യാന്തരതലത്തിലുള്ള വെബ്സീരീസിന്റെ ഭാഗമായി പണം അടച്ചു കാണാവുന്ന ഷോയ്ക്കായി തയാറാക്കിയ ചില ദൃശ്യങ്ങൾ ചോർന്ന് മറ്റു വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നുവെന്നും അവർ അപേക്ഷയിൽ പറയുന്നു. മുംബൈ ആസ്ഥാനമായുള്ള റിട്ടയേഡ് കസ്റ്റംസ് ഓഫിസർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് നടിക്കെതിരെ കേസെടുത്തത്.