സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയത് ആറ് ഉറപ്പുകള്‍, മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന ഉദ്യോഗാര്‍ത്ഥികളുമായുളള ചര്‍ച്ചയില്‍ മന്ത്രി നല്‍കിയത് ആറ് ഉറപ്പുകള്‍. എല്‍ ജി എസിലെ പ്രതീക്ഷിത ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും, സ്ഥാനക്കയറ്റം നല്‍കി പുതിയ ഒഴിവുകള്‍ പി എസ് സിയെ അറിയിക്കും, തടസമുള്ളവയില്‍ താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കും, ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥ തല സമിതി ഉണ്ടാക്കും, സി പി ഒ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലെ അപാകത മാറ്റും, നൈറ്റ് വാച്ച്മാന്‍ ഡ്യൂട്ടി എട്ടുമണിക്കൂറാക്കുന്നത് പരിഗണിക്കും എന്നിവയാണ് ഉറപ്പുകള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇവയുടെ തുടര്‍ നടപടികള്‍ എന്നും ചര്‍ച്ചയുടെ മിനിട്ട്‌സില്‍ പറയുന്നു.

ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്ന് എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതായും ഇവര്‍ പറഞ്ഞു. സമരത്തിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ രേഖാമൂലം ഉറപ്പ് ലഭിക്കുംവരെ സമരം തുടരുമെന്ന് സി പി ഒ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.