മത്സരം സിപിഎമ്മിനെതിരെയാണ്, നേതാക്കളോടല്ല: കെ.സുധാകരന്‍

support for k sudhakaran to appoint as kpcc president

കണ്ണൂര്‍: രണ്ടു തവണ പരാജയപ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സമിതി തീരുമാനത്തില്‍ ചിലര്‍ക്ക് ഇളവുണ്ടാകുമെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ദൗര്‍ലഭ്യം മൂലം പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥിയായി പരാജയപ്പെട്ടവരുണ്ട്. അത് അവരുടെ സ്വന്തം പരാജയത്തിന്റെ അക്കൗണ്ടില്‍ കൂട്ടാനാകില്ല. ഇങ്ങനെയുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കും.

സിപിഎമ്മിന്റെ ഏതൊക്കെ നേതാക്കള്‍ മത്സരിക്കുന്നു, ആരൊക്കെ മത്സരിക്കുന്നില്ല എന്നതു യുഡിഎഫിന്റെ വിഷയമല്ല. മത്സരം സിപിഎമ്മിനെതിരെയാണ്, ഏതെങ്കിലും നേതാക്കളോടല്ല. പാലക്കാട്ടെ എ.വി.ഗോപിനാഥിന്റെ വിഷയത്തില്‍ രണ്ടുദിവസത്തിനകം തീരുമാനം വരും.
കൊള്ളത്തലവനായി അഞ്ചുവര്‍ഷം ഭരിച്ച പിണറായി വിജയന്‍, ഹൃദയമിടിപ്പ് ഏറ്റവുമധികം വര്‍ധിച്ച നിലയിലാണു ധര്‍മടത്തു പ്രചാരണത്തിനിറങ്ങുന്നതെന്നും അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് എഐസിസി നേതൃത്വത്തില്‍നിന്ന് ഔദ്യോഗികമായ ഒരു ആശയവിനിമയവും താനുമായി നടത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.