വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

    റാഞ്ചി: വിദ്യാർഥിനികൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നഴ്സിങ് കോളജ് ഡയറക്ടർ അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു എന്ന പര്‍വേസ് ആലത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഖുന്ദി എസ്.പി.യുടെ നേതൃത്വത്തിലുള്ള  സംഘം ഇയാളെ പിടികൂടിയത്.

    സഹനശക്തി പരിശോധിക്കാനെന്ന പേരിൽ വിദ്യാർഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന നടത്തിയതിനാണ് ഡയറക്ടർക്കെതിരായ പരാതി. നിരവധി വിദ്യാർഥിനികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

    വിദ്യാർത്ഥികൾ അവരുടെ അനുഭവം ഒരു സാമൂഹിക പ്രവർത്തകനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. വിദ്യാർത്ഥികൾ നൽകിയ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകൻ ലക്ഷ്മി ബഖ്‌ല ഗവർണർക്ക് കത്തെഴുതി. ഇതിനെത്തുടർന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ (ബിഡിഒ) കീഴിൽ അന്വേഷണം ആരംഭിക്കുകയും പ്രാദേശിക മഹിളാ താനയിൽ നിന്നുള്ള ഒരു സംഘം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും ചെയ്തു. അന്വേഷണ സംഘം ഖുന്തി എസ്പി അശുതോഷ് ശേഖറിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനു പിന്നാലെയാണ് ഡയറക്ടർ അറസ്റ്റിലായത്.