രണ്ടില ചിഹ്നം ജോസിന്; സുപ്രീം കോടതിയിലും ജോസഫിന് തിരിച്ചടി

    ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തന്നെയെന്ന് സുപ്രീംകോടതിയും. ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് സുപ്രീംകോടതി ചിഹ്നം ജോസിനനുവദിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയെങ്കിലും പി.ജെ.ജോസഫിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ പോയത്. ജോസഫിന്റെ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

    ജോസഫ് വിഭാഗം നേതാവായ പി.സി കുര്യാക്കോസാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു പി.ജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം തളളിയതോടെ ഇനി ചെണ്ട ചിഹ്നത്തിലാകും ഇവര്‍ മത്സരിക്കുക എന്ന് ഉറപ്പായി.

    കേരളകോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പിനെ തുടര്‍ന്ന് ചിഹ്നം എല്‍ഡിഎഫിലേക്ക് പോയ ജോസ് വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് യുഡിഎഫില്‍ തുടരുന്ന ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.