ഡിസിസി എതിര്‍ത്തു; ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍

    കണ്ണൂര്‍: ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. താന്‍ മത്സരിച്ചാല്‍ കണ്ണൂര്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു ഡി.സി.സി നേതൃത്വം നിലപാട് സ്വീകരിച്ചു. അതിനെ മാനിക്കുന്നെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    മത്സരിക്കാന്‍ തനിക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. ജില്ലയിലെ പല പ്രദേശങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. തന്നെ ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തെ അറിയിച്ചു. കണ്ണൂരിലെ എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിന് ഓടിയെത്തണമെന്നും മത്സരിച്ചാല്‍ അതിന് കഴിയില്ലെന്നും നേതൃത്വത്തെ അറിയിച്ചു. ഇരിക്കൂറിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ച ഉമ്മന്‍ചാണ്ടി എത്തും. അദ്ദേഹത്തിന്റെ സാനിധ്യം മതി പ്രശ്നം തീര്‍ക്കും അവിടെയും താന്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

    വാളയാറിലെ അമ്മ മത്സരിക്കാന്‍ എത്തും മുമ്പ് രഘുവിന്റെയും ഫൈസലിന്റെയും പേരുകള്‍ ധര്‍മ്മടത്തേക്ക് പരിഗണിച്ചിരുന്നെന്നും സുധാകരന്‍ പറഞ്ഞു. രഘുനാഥിനാണ് സാധ്യതയെന്ന് മനസ്സിലാക്കി ഫൈസല്‍ മാഷ് പിന്‍മാറി. വാളയാറിലെ അമ്മ ഉയര്‍ത്തുന്നത് വലിയ വിഷയമാണ്. അതിന് എല്ലാ പിന്തുണയും കെ.പി.സി.സി നല്‍കും.

    പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ താന്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയതാണെന്നും കെ.സുധാകരന്‍ പറഞ്ഞു. ധര്‍മ്മടം മണ്ഡലത്തില്‍ നാലായിരം വോട്ടിന്റെ ഭൂരിപക്ഷമേ ഇടതുപക്ഷിത്തിന് അന്ന് ഉണ്ടായുള്ളൂ. അത് മറികടന്ന് അട്ടിമറി വിജയം നേടണമെങ്കില്‍ ചില മുന്നൊരുക്കങ്ങള്‍ നടത്തണം. അതിന് സമയം ഇല്ലാത്തത് കൊണ്ടാണ് പിന്‍മാറിയതെന്നും കെ.സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്ന് അഭിപ്രായം ഉള്ളതു കൊണ്ടാണ് കെ.പി.സി.സി കെ.സുധാകരനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്.