സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്ക് അന്വേഷണം തനിക്കു നേരെ നീളുമോയെന്ന ഭയം: അനുരാഗ് താക്കൂര്‍

തിരുവനന്തപുരംന്മ സ്വര്‍ണ-ഡോളര്‍ കടത്തു കേസില്‍ അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിനെ ഉപയോഗിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

തെറ്റുകാരല്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്പീക്കറും എന്തിന് ഭയപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നിയമസഭ സ്പീക്കറുമായും അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ കേസിലെ മറ്റൊരു പ്രധാന പ്രതിയാണ്. അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പൊലീസിനെ ഉപയോഗിച്ച് ഇഡിക്കെതിരെ കേസെടുപ്പിച്ചത്.

ഇടതുസര്‍ക്കാര്‍ പിന്‍വാതിലിലൂടെ പാര്‍ട്ടി അണികളെയും ക്രിമിനിലുകളെയും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിച്ചതുകൊണ്ട് കഴിവുള്ള കേരളത്തിന്റെ യുവത്വം നിലനില്‍പ്പിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. ക്രിമിനലുകള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സര്‍ക്കാര്‍ ഒത്താശയോടെ പൊലീസില്‍ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.