രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കഴക്കൂട്ടത്തെ സമാധാന അന്തരീക്ഷം തകർക്കരുത്; ഡോ. എസ്.എസ് ലാൽ

തിരുവനന്തപുരം; ആധുനിക ലോത്തിലെ വികസന കാഴ്ചപ്പാടോടെ ലോകം ഉറ്റു നോക്കുന്ന കഴക്കൂട്ടത്ത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ സിപിഎമ്മും-ബിജെപിയും സമാധാന അന്തരീക്ഷം തകർക്കരുതെന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ ആവശ്യപ്പെട്ടു. സിപിഎമ്മിനും, ബിജെപിക്കും കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ പുതിയതായി ഒന്നും പറയാൻ ഇല്ലാത്ത സാഹചര്യത്തിൽ വോട്ടർമാരുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് അക്രമണം അഴിച്ചു വിടുന്നത്.

അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഇരുവരും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തങ്ങളുടെ പേരിലുള്ള കേസുകളുടെ എണ്ണം സംബന്ധിച്ച് പത്ര പരസ്യം നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിപിഎം പ്രസിദ്ധീകരിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ആളാണ് കഴക്കൂട്ടത്തെ സിപിഎം സ്ഥാനാർത്ഥി. കേസുകളിൽ കേമൻ കടകംപള്ളി എന്നാണ് ആക്കാര്യത്തെ പറ്റി ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്തത്. 2016 മുതൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സിപിഎം ബിജെപി സംഘർഷം സ്ഥിരമാണ്. നാല് വർഷം മുൻപ് കാട്ടായിക്കോണത്ത് നടത്തിയ അക്രമത്തിൽ നിരവധിപ്പേർക്കെതിരെ കേസ് എടുത്തിട്ടും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.

കഴക്കൂട്ടത്തെ സംഘഷർഷത്തിൽ നിന്നും ഇരു കക്ഷികളും പിൻമാറി വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇരു കൂട്ടരും തയ്യാറാകണമെന്നും ഡോ. എസ്. എസ്. ലാൽ ആവശ്യപ്പെട്ടു. വികസന മുരടിപ്പും, ശബരിമല വിഷയത്തിലെ ക്ഷീണവും, അവസാനം വോട്ടർപട്ടികയിലെ ക്രമക്കേട് ഉൾപ്പെടെ പിടികൂടി പരാജയഭീതിയിലായ സിപിഎം സ്ഥാനാർത്ഥിയും, മണ്ഡലത്തിൽ വർ​​ഗീയതമാത്രം സംസാരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസായ ബിജെപി സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പ് ഏത് വിധേനയും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും, ഇതിലൊന്നും കഴക്കൂട്ടത്തെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്നും ‍ഡോ. എസ്.എസ് ലാൽ വ്യക്തമാക്കി.