ജലീലിന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു

    തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു. ലോകായുക്ത ഉത്തരവില്‍ ഹൈക്കോടതി വിധി വരാനിരിക്കെയാണ് ജലീലിന്റെ പടിയിറക്കം. ബന്ധുനിയമന കേസില്‍ മന്ത്രിയെ പുറത്താക്കാന്‍ ലോകായുക്ത ഉത്തരവിട്ടിട്ടും പിന്തുണച്ച സിപിഎം ഒടുവില്‍ കൈവിട്ടതോടെയായിരുന്നു രാജി. ലോകായുക്ത വിധിക്കെതിരായ ജലീലിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പെ മുഖ്യമന്ത്രി രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചു.

    രണ്ടര വര്‍ഷത്തോളം നീണ്ട ബന്ധനിയമന വിവാദത്തിനൊടുവില്‍ സര്‍ക്കാര്‍ പടിയിറങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് കെ ടി ജലീലിന്റെ രാജി. വെള്ളിയാഴ്ചയാണ് അധികാര ദുര്‍വ്വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്തയുടെ അസാധാരണ ഉത്തരവ് വന്നത്. ധാര്‍മ്മികതയുടെ പേരിലാണ് രാജിയെന്ന് ഇപ്പോള്‍ പറയുന്ന ജലീല്‍ വിധിവന്നപ്പോള്‍ പ്രഖ്യാപിച്ചത് തുടര്‍നിയമനടപടി ആയിരുന്നു. നിയമനടപടിയെ പിന്തുണച്ച സിപിഎമ്മിന്റെ ധാര്‍മ്മികതക്ക് നേരെ വരെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴാണ് പാര്‍ട്ടി ജലീലിനെ കൈവിട്ടത്. ലോകായുക്ത വിധിപ്പകര്‍പ്പ് കിട്ടിയ മുഖ്യമന്ത്രിക്ക് ലഭിച്ച ഉപദേശങ്ങളും രാജിയല്ലാതെ മറ്റ് വഴിയില്ലെന്നാണ്. ഇതുവരെ എല്ലാ വിവാദങ്ങളിലും ജലീലിന് കവചം തീര്‍ത്ത് പിണറായി വിജയന്‍ ഹൈക്കോടതി തീര്‍പ്പിനായി കാത്തിരുന്ന ജലീലിനോട് ഒടുവില്‍ രാജിവെക്കാന്‍ നിദ്ദേശിച്ചു. ലവലേശവും തെറ്റ് ചെയ്തിട്ടില്ലെന്നും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നുമാണ് ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

    വിഷയത്തില്‍ പാര്‍ട്ടി നേതാക്കളുമായും മുഖ്യമന്ത്രി ആലോചിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജലീല്‍ എകെജി ഫ്‌ലാറ്റിലെത്തി കോടിയേരിയെ കണ്ടു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. ഒപ്പം രാജിക്കത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി.  കൂടിക്കാഴ്ചയില്‍ ജലീല്‍ ഹൈക്കോടതിയിലെ ഹര്‍ജി ഉന്നയിച്ചെങ്കിലും പാര്‍ട്ടി തീരുമാനം രാജിതന്നെയെന്ന് കോടിയേരി വ്യക്തമാക്കി.