കൊവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു; ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു.

ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എ പ്രദീപ്കുമാര്‍ എം എല്‍ എ, പി എ മുഹമ്മദ് റിയാസ്, ഡോക്ടര്‍മാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആദ്യഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.മുഖ്യമന്ത്രിക്കൊപ്പം രോഗബാധിതനായ കൊച്ചുമകന്‍ ഇഷാനും രോഗമുക്തനായി. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ അവരും ഇന്ന് ആശുപത്രി വിട്ടു.

നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.