‘കേള്‍വി പരിമിതിയുള്ളവര്‍ക്ക് ദ്വിഭാഷാ പഠനരീതി’ നിഷ് വെബിനാര്‍ ശനിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാറിന്‍റെ ഭാഗമായി ഏപ്രില്‍ 17 ശനിയാഴ്ച ‘കേള്‍വി പരിമിതിയുള്ളവര്‍ക്കായി അവലംബിക്കുന്ന ദ്വിഭാഷ പഠനരീതിയെക്കുറിച്ചുള്ള അവബോധം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഗൂഗിള്‍ മീറ്റിലൂടെ നടത്തുന്ന സെമിനാറിന്‍റെ തത്സമയ സംപ്രേഷണം രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. നിഷ്  പ്രീ സ്കൂള്‍ ടീച്ചര്‍ അരുണ്‍ ഗോപാല്‍ വെബിനാറിന് നേതൃത്വം നല്‍കും.

കേള്‍വി പരിമിതിയുള്ളവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പൊതുജങ്ങള്‍ക്കും സംസാര – ലിഖിത ഭാഷയ്ക്കൊപ്പം ആംഗ്യഭാഷയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം നല്‍കേണ്ടത് അനിവാര്യമാണ്. കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് പ്രാരംഭം മുതല്‍ക്കേ ആംഗ്യഭാഷയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നുകൊടുക്കുന്നതിലൂടെ ജീവിതത്തിലെ ഏത് ഘട്ടത്തിലും ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാനാകും. അതിനാല്‍ സംസാര-ലിഖിത ഭാഷയുടെ വികാസവും ആംഗ്യഭാഷയുടെ ഉപയോഗവും സമാന്തരമായിട്ടുണ്ടാകണമെന്നതാണ് വെബിനാറില്‍  ചര്‍ച്ച ചെയ്യുക.

സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി  http://nidas.nish.ac.in/be-a-participant/  എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്   http://nidas.nish.ac.in/  വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 9447082355.