ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി അഡ്വ. എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ; കണക്കുകള്‍ പുറത്ത്

    ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തിച്ച മുന്‍ എം പി അഡ്വ. എ സമ്പത്തിനുവേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ഇരുപത് ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 2019 ഓഗസ്റ്റിലാണ് സമ്പത്ത് പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെടുന്നത്. പദവിയിലിരുന്ന ഒന്നര വര്‍ഷം ശമ്പളവും മറ്റ് അലവന്‍സുകളുമാണ് ഇത്രയും തുക കൈപ്പറ്റിയത്.

    കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ കേരള ഹൗസില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
    ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് വക്താവും മലയാളിയുമായ വിനീത് തോമസ് കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ മുഖേന നല്‍കിയ വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നത്.

    ശമ്പള ഇനത്തില്‍ 14,20,994 രൂപയാണ് ഒന്നര വര്‍ഷം കൊണ്ട് സമ്പത്ത് കൈപ്പറ്റിയത്. ഓഗസ്റ്റ് 12 മുതല്‍ 5,85,800 രൂപ യാത്രാ ബത്തയായും 24,792 രൂപ ഫോണ്‍ ചാര്‍ജ് ഇനത്തിലും സമ്പത്ത് കൈപ്പറ്റി. സ്റ്റേഷനറി സാധങ്ങള്‍ വാങ്ങിയ ഇനത്തില്‍ 4150 രൂപയും വാങ്ങി. നേരത്തെ 2010 ഒക്ടോബറില്‍ ലഭ്യമായ മറ്റൊരു രേഖപ്രകാരം കോവിഡ് തീവ്രത കൂടിയ അഞ്ച് മാസം നാട്ടിലായിരുന്ന സമ്പത്ത് 3.28 ലക്ഷം രൂപ ശമ്പളമായി വാങ്ങിയെന്ന് തെളിഞ്ഞിരുന്നു.

    ഒന്നര വര്‍ഷം പദവിയിലിരുന്ന സമ്പത്ത്, 2021 മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് ചുമതല കണക്കിലെടുത്ത് സ്ഥാനം രാജിവെച്ചു. 2020 മാര്‍ച്ച് മാസത്തില്‍ കൊറോണയുടെ പ്രാരംഭ നാളുകളില്‍ തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.