രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

    ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

    നിലവില്‍ ദില്ലിയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ ബംഗാളിലുള്‍പ്പെടെ നടത്താനിരുന്ന റാലികള്‍ രാഹുല്‍ റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം.

    കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ദില്ലി എയിംസില്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്.