ശനിയും ഞായറും അവശ്യ സര്‍വീസ് മാത്രം

    തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. നാളെ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പ്ലസ്ടു പരീക്ഷയ്ക്കു മാറ്റമില്ല.ഭക്ഷണ സാധനങ്ങള്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. റസ്റ്ററന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. പാഴ്‌സലും ഹോം ഡെലിവറിയുമാകാം; പാഴ്‌സല്‍ രാത്രി 9 വരെ. ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസ്സപ്പെടില്ല. പൊതു ഗതാഗതവും ചരക്കു ഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിന്‍, വിമാന യാത്രക്കാരെ  കൊണ്ടുപോകുന്ന സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ തടയില്ല. ഇവര്‍ യാത്രാ രേഖകള്‍ കാണിക്കണം.

    മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവശ്യ സര്‍വീസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്കു യാത്ര ചെയ്യാം. 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍, കമ്പനികള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയ്ക്കും തടസ്സമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു ജീവനക്കാര്‍ക്കു യാത്ര ചെയ്യാം. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ല. ഐടി കമ്പനികളിലെ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫിസില്‍ എത്താന്‍ അനുവദിക്കൂ.

    അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സീന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് ജോലികളുള്ളവര്‍ക്കും യാത്രാവിലക്കില്ല.

    രാത്രി നിയന്ത്രണം കര്‍ശനമായി തുടരും. നോമ്പുകാര്‍ക്കു ഭക്ഷണ ലഭ്യതയ്ക്കുള്ള ക്രമീകരണം ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തും. നോമ്പിന്റെ ഭാഗമായി പ്രാര്‍ഥനയും ചടങ്ങും രാത്രി 9 കഴിഞ്ഞു പ്രോട്ടോക്കോള്‍ പാലിച്ചു നടത്താം.