സിദ്ദിഖ് കാപ്പനെ ഡല്‍ഹി ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

    ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശിലെ മഥുര ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുള്ള കാപ്പന്റെ ആരോഗ്യനില മോശമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പാണ് സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകന്‍ കുടുംബത്തെ വിളിച്ചറിയിച്ചത്.

    ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കടുത്ത പ്രമേഹമടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്.

    ചികിത്സ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍  നിഷേധിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നേരിടുന്ന  പീഡനങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.  സിദ്ദിഖിന്റെ ഭാര്യ റെയ്ഹാന്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.  ഉത്തര്‍പ്രദേശ് ഭരണകൂടം സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം നിഷേധിക്കരുതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

    സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടുന്നില്ലെന്നാരോപിച്ച്  ഭാര്യയും കുടുംബാംഗങ്ങളും പരാതിപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.