പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 17ന് ശേഷം: എ.വിജയരാഘവന്‍

    തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 17ന് ശേഷം ഉണ്ടാകുമെന്ന സൂചന നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. 17ന് എല്‍ഡിഎഫും 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും യോഗം ചേര്‍ന്ന് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കും. ഈ ദിവസം ഉഭയകക്ഷി ചര്‍ച്ചകളും നടക്കും. കോവിഡ് സാഹചര്യത്തില്‍ ആളുകളുടെ എണ്ണം പരമാവധി കുറച്ചായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിമാരുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിക്കുന്നതില്‍ നിയന്ത്രണം ഉണ്ടാകും.

    തുടര്‍ഭരണം ഉണ്ടാകരുത് എന്ന നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്നു എ.വിജയരാഘവന്‍ പറഞ്ഞു. അതില്‍ അവ്യക്തത ബാക്കി നില്‍ക്കുന്നില്ല. കേരളത്തിലെ ജനങ്ങളും ആ സമുദായത്തിലെ ബഹുഭൂരിപക്ഷം ആളുകളും അതിനെ നിരാകരിച്ചു. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് വാങ്ങി. അതിനു മുകളില്‍ ജനങ്ങള്‍ തീരുമാനമെടുത്തപ്പോള്‍ എല്‍ഡിഎഫ് തരംഗമുണ്ടായി. എല്‍ഡിഎഫിന്റെ രാഷ്ട്രീയ നയങ്ങള്‍ക്കു നല്ല സ്വീകാര്യത ലഭിച്ചു.

    പുതിയ നേതൃനിര വരണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആളുകളെ മത്സരിപ്പിച്ചതെന്നു വിജയരാഘവന്‍ പറഞ്ഞു. അതിനു ജനം പിന്തുണ നല്‍കുകയും ചെയ്തു. മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങളായിരിക്കുമോ എന്ന ചോദ്യത്തിനു അത്തരം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ രൂപീകരണ ചര്‍ച്ച എല്‍ഡിഎഫിലാണ് നടക്കേണ്ടത്. അതിനുശേഷമാണ് സിപിഎം ചര്‍ച്ച ചെയ്യുന്നത്. പുതിയ പാര്‍ട്ടികള്‍ എല്‍ഡിഎഫിലേക്കു വരുമോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ തന്നെ മോശമല്ലാത്ത എണ്ണം കക്ഷികളുണ്ടെന്നായിരുന്നു മറുപടി. സിപിഎമ്മിനു വോട്ടു കുറവു വന്ന സ്ഥലങ്ങളില്‍ എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. മേയ് 7നു വൈകുന്നേരം 7 മണിക്കു വീടുകളില്‍ വിജയദിവസം ആഘോഷിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.