ജപ്തിക്കെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്ക് സി.പി.എം നേതാവിന്റെ ക്രൂരമര്‍ദ്ദനം

കൊട്ടാരക്കര : സി.പി.എം മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ എസ്. ശ്രീകുമാറിന്റെ വീട്ടില്‍ റവന്യു റിക്കവറി നടപടിക്രമങ്ങള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു.

കൊട്ടാരക്കര താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പനവേലി ആര്‍ദ്രത്തില്‍ അജിത്ത് ജോയി, പുത്തൂര്‍ വില്ലേജ് ഓഫീസര്‍ പവിത്രേശ്വരം ലാല്‍ഭവനില്‍ ശ്രീജ സി.എസ് എന്നിവരെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹനകുമാരന്‍ നായര്‍, വില്ലേജാഫീസ് ജീവനക്കാരനായ സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മോട്ടോര്‍ വാഹനവകുപ്പിലെ കുടിശ്ശിക ജപ്തി നടപടികളുമായി ബന്ധപ്പെട്ടാണ് റവന്യു റിക്കവറി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കോട്ടാത്തല മൂഴിക്കോട് ശ്രീഭവനില്‍ എസ്. ശ്രീകുമാറിന്റെ വീട്ടിലെത്തിയത്. ഈ സമയം ശ്രീകുമാര്‍ സ്ഥലത്തില്ലായിരുന്നു. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകുമാര്‍ സ്ഥലത്തെത്തി. 40,000 രൂപയോളം വരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക അടയ്ക്കണമെന്നും ഒറ്റ തവണയായി അടച്ചാല്‍ പ്രത്യേക സ്‌കീം പ്രകാരം കുറവു ലഭിക്കുമെന്നും പറഞ്ഞ ഉദ്യോഗസ്ഥ സംഘത്തോട് ശ്രീകുമാര്‍ തട്ടികയറുകയും അസഭ്യവര്‍ഷം ചൊരിഞ്ഞ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു.

ഭീഷണി വകവെയ്ക്കാതെ ജപ്തി നടപടികളുമായി മുന്നോട്ടു പോകാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ശ്രീകുമാറും സ്ഥലത്തെത്തിയ മൂന്നു പേരും കൂടി ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ രേഖകള്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത് ജോയിയുടെ കൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.