കെ.എസ്‌.ആര്‍.ടി.സി. ഓടില്ല; 31 വരെ ട്രെയിനുകള്‍ റദ്ദാക്കി

നാളെ ആരംഭിക്കുന്ന ലോക്ക്‌ഡൗണില്‍ പൊതുഗതാഗതവും സ്‌തംഭിക്കും. ലോക്ക്‌ഡൗണ്‍ തീരുന്ന 16 വരെ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസില്ല. അന്തര്‍സംസ്‌ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ മിക്ക ട്രെയിനുകളും ദക്ഷിണ റെയില്‍വേ റദ്ദാക്കി. ലോക്ക്‌ഡൗണ്‍ അവസാനിച്ചാലും 31 വരെ ട്രെയിനുകള്‍ ഓടില്ല.
പാലരുവി, വേണാട്‌, കണ്ണൂര്‍ ജനശതാബ്‌ദി, വഞ്ചിനാട്‌, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്‌റ്റ്‌, ചെന്നൈ-തിരുവനന്തപുരം (പ്രതിവാരം), അന്ത്യോദയ, ഏറനാട്‌, ബംഗളുരു ഇന്റര്‍സിറ്റി, ബാനസവാടി-എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം (പ്രതിവാരം) തുടങ്ങിയവയാണു റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍. മെമു ട്രെയിനുകളും ഓടില്ല. രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമായി സര്‍വീസ്‌ നടത്താന്‍ കെ.എസ്‌.ആര്‍.ടി.സി. തയാറാണെന്നു സി/എം.ഡി: ബിജു പ്രഭാകര്‍ അറിയിച്ചു. ആശുപത്രി സൂപ്രണ്ടുമാര്‍ അതതു സ്‌ഥലങ്ങളിലെ കെ.എസ്‌.ആര്‍.ടി.സി. യൂണിറ്റ്‌ ഓഫീസര്‍മാരുമായി ബന്ധപ്പെടണം. കെ.എസ്‌.ആര്‍.ടി.സി. കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടാലും സജ്‌ജീകരണമൊരുക്കും, നമ്ബര്‍: 9447071021, 0471 2463799.