‘കഞ്ഞിക്ക് 1353 രൂപ’; സ്വകാര്യ ആശുപത്രികളുടേത് കൊള്ളയെന്ന് ഹൈക്കോടതി

    കൊച്ചി: കോവിഡ് ചികിത്സയ്ക്ക് അമിത ബില്ലു നല്‍കുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഈ അസാധാരണ സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്ന് ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി കോടതി വിമര്‍ശനം ഉയര്‍ത്തി. നിലവിലെ സാഹചര്യം വളരെ മോശമാണ്. കഞ്ഞിക്ക് 1353 രൂപയും ഡോളോയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ടെന്നും കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

    അതേസമയം, കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ സര്‍ക്കാര്‍ ഉത്തരവിറക്കി. മുറിവാടക ഉള്‍പ്പടെയുള്ളവയ്ക്ക് ആശുപത്രിക്ക് ഈടാക്കാവുന്ന പരമാവധി തുക വ്യക്തമാക്കിയാണ് ഉത്തരവ്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

    രണ്ടു ദിവസത്തെ ഓക്‌സിജന് 45,000 രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച ചെയ്തശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് കോടതി പറഞ്ഞു.

    ആശുപത്രി ജനറല്‍ വാര്‍ഡിനു പ്രതിദിനം പരമാവധി ഈടാക്കാവുന്ന തുക 2645 രൂപയായിരിക്കും. മുറിവാടകക്കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്കു നല്‍കണം. ഓക്‌സീമീറ്ററുകള്‍ പോലുള്ള അവശ്യ ഉകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഡിഎംഒയെ സമീപിക്കാം. ആശുപത്രികള്‍ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കാണത്തക്കവിധം പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം.

    അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികള്‍ക്ക് നിശ്ചയിച്ച തുകയെക്കാള്‍ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.