കേരളത്തില്‍ വാക്സിന്‍ നിര്‍മിക്കാന്‍ സാധ്യത തേടും; വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ വാക്സിന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്പസില്‍ വാക്സിന്‍ കമ്പനിയുടെ ശാഖ ആരംഭിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോള്‍ ജറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമിതമായി ഗുരുതരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിജന്‍ ആശ്രയതത്വം കുറക്കാന്‍ ഈ മരുന്ന് സഹായിക്കും. മരുന്നിന്റെ 50,000 ഡോസിനായി കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും ജൂണില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.