കോവിഡാനന്തര ടൂറിസം ലക്ഷ്യമിടുന്നത് ആഭ്യന്തര വിനോദസഞ്ചാരികളെ: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അവസാനിക്കുന്ന മുറയ്ക്ക് കേരളത്തിലെ വിനോദസഞ്ചാര മേഖലയെ സജ്ജമാക്കുവാനുള്ള നടപടികള്‍ക്ക് ടൂറിസം വകുപ്പ് രൂപം നല്‍കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിദേശ വിനോദ സഞ്ചാരികളുടെ വരവ് വൈകുമെന്നതിനാല്‍ ആഭ്യന്തര വിനോദ സഞ്ചാരികളെയാണ് ടൂറിസം മേഖല ലക്ഷ്യമിടുന്നത്. കേരളീയരായ വിനോദ സഞ്ചാരികളെയും സംസ്ഥാനത്തിനകത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന പദ്ധതികള്‍ക്ക് ഉടന്‍ തന്നെ ടൂറിസം വകുപ്പ് രൂപം നല്‍കി നടപ്പാക്കും. ടൂറിസം വകുപ്പിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികളുമായി ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിലെ ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനു വേണ്ടിയുള്ള അടിയന്തിരവും വിശദവുമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജൂണ്‍ രണ്ടാം വാരത്തോടെ കോവിഡിന്‍റെ രണ്ടാം തരംഗത്തിന് അറുതിയാകുമെന്ന വിലയിരുത്തലില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാനുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒരു വര്‍ഷത്തിലേറെയായി തകര്‍ന്നുകിടക്കുന്ന ടൂറിസം മേഖലയുടെ പുനരുജ്ജീവനം ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധ്യമാക്കുകയാണ് ലക്ഷ്യം.

സഞ്ചാരികള്‍ക്ക് ആത്മവിശ്വാസം പകരുന്നതും കേരള ടൂറിസം ബ്രാന്‍ഡ് ടൂറിസം വിപണികളില്‍ ഫലപ്രദമായി എത്തിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള ശക്തമായ വിപണന തന്ത്രങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിനാകെ പ്രയോജനകരമാകുന്ന തരത്തില്‍ ടൂറിസം മേഖലയെ പുനര്‍ നിര്‍വചിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം തുടക്കം കുറിക്കും. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാകും വിധമുള്ള വിവിധ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും.

ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും കൂടുതല്‍ കരുതല്‍ നല്‍കും. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ഫലപ്രദമായി ബന്ധിപ്പിച്ച് കൂടുതല്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. റോഡുകള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കും. ലോകനിലവാരത്തിലുള്ള ശുചിമുറി സൗകര്യങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കായി ഒരുക്കും. മാലിന്യമുക്ത ടൂറിസം കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെയുള്ള ബൃഹദ് പദ്ധതിക്കും അടിയന്തിരമായി രൂപം നല്‍കും. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ സമീപഭാവിയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാനാകും.

താരതമ്യേന കുറവ് സഞ്ചാരികളെത്തുന്ന മലബാര്‍ മേഖല ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളുടെ സംസ്കാരവും ഭൂപ്രകൃതിയുടെ മനോഹാരിതയും രുചിവൈവിധ്യങ്ങളും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും.

ടൂറിസം സംരംഭകര്‍ക്കായുള്ള വിവിധ അപ്രൂവല്‍, ക്ലാസിഫിക്കേഷന്‍ സ്കീമുകള്‍ ഒരു മാസത്തിനകം ഓണ്‍ലൈന്‍ ആക്കും. ടൂറിസം പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും ഏകോപനം കൂടുതല്‍ ഫലപ്രദമാക്കുവാനായി വിവിധ വകുപ്പുകളുമായി ഉടന്‍ ചര്‍ച്ച നടത്തും. ഉത്തരവാദ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ സാധാരണക്കാരായ ബഹുജനങ്ങളിലേക്ക് എത്തിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രോത്സാഹനമാകും വിധം കോവിഡ് പ്രോട്ടോകോള്‍ തയ്യാറാക്കുവാന്‍ ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തും. അര്‍ഹരായ ടൂറിസം പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതോടൊപ്പം ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കു ഭാവിയിലെ ലോക ടൂറിസം സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായ തൊഴില്‍ പരിശീലനം നല്‍കുവാനുള്ള സാധ്യത യും പരിശോധിക്കും.

ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഇടപെടലുകളുടെ ഭാഗമായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍. കൃഷ്ണ തേജ ഐഎഎസ്, കെടിഡിസി, ഇക്കോ-ടൂറിസം, കേരള സ്റ്റേറ്റ് ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, മുസിരിസ് പൈതൃക പ്രൊജക്റ്റ്, അഡ്വെഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഉത്തരവാദ ടൂറിസം മിഷന്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് തുടങ്ങി ടൂറിസം വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപന മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.