‘മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി’: ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

    തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ ഒന്നക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത നടന്‍ മോഹന്‍ലാലിന് നന്ദി അറിയിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

    ‘കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീ. മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ശ്രീ മോഹന്‍ലാല്‍ തന്നത്.

    ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീനുകള്‍ എന്നിവയുള്‍പ്പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കിയിട്ടുണ്ട്.

    ഇന്ന് രാവിലെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്വം  ഏറ്റെടുത്തതില്‍ ശ്രീ മോഹന്‍ലാല്‍ ആശംസകള്‍  അറിയിച്ചു . കോവിഡ് പ്രതിരോധത്തിന് ഉള്‍പ്പടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.  മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക്  നന്ദി പറയുന്നു’ വീണ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.