പ്രസ് ക്ലബ് കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം അവസാനിപ്പിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കമ്യൂണിറ്റി കിച്ചൺ സന്ദർശിച്ചു. ഭക്ഷണ വിതരണത്തിന് അദ്ദേഹം നേതൃത്വം നൽകി.

തിരു: കഴിഞ്ഞ 16 ദിവസമായി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്ന കമ്മ്യൂണിറ്റി കിച്ചൻ ഇന്നലെ പ്രവർത്തനം അവസാനിപ്പിച്ചു. സമാപന ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കമ്യൂണിറ്റി കിച്ചൺ സന്ദർശിച്ചു. ഉച്ചഭക്ഷണ വിതരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇന്നലെ പായസം ഉൾപ്പെടെ 4000 പേർക്കാണ് ഭക്ഷണം നൽകിയത്.

16 ദിവസമായി ആകെ 60,000 ഉച്ചഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. നഗര വീഥികളിൽ വസിക്കുന്ന നൂറുകണക്കിനാളുകൾക്ക് എല്ലാ ദിവസവും ഭക്ഷണവും കുപ്പിവെള്ളവും എത്തിച്ചിട്ടുണ്ട്. നല്ല മനസുള്ള ചില സ്പോൺസർമാരും, ക്ലബ് അംഗങ്ങളും നൽകിയ സംഭാവനകൾ കൊണ്ടാണ് ഇതിന്റെ പ്രവർത്തനം നടത്തിയത്.

കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ചുരുങ്ങിയത് 3000 പാവപ്പെട്ടവന്റെ വയറുകൾ, അവശേഷിക്കുന്ന മഹാമാരി കാലത്ത് വിശന്ന് തന്നെയിരിക്കും എന്ന സത്യം ഒരു വേദനയായി ക്ലബ്‌ മാനേജിങ് കമ്മിറ്റി കാണുന്നു. എന്നും ‘രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഭക്ഷണ വിതരണ സമയത്ത് മുന്നിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്ന ദൈന്യമുഖങ്ങളെ വേദനയോടെ ഓർക്കുന്നു.

കഴിഞ്ഞ 16 ദിവസം കമ്യൂണിറ്റി കിച്ചണുമായി നഗരത്തിൽ നിറഞ്ഞു നിന്ന് അന്നമൂട്ടാൻ തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർക്ക് ഭാഗ്യം സിദ്ധിച്ചതിന്
എല്ലാവർക്കും പ്രസ് ക്ലബിൻ്റെ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡൻറ് സോണിച്ചൻ പി. ജോസഫും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു