കൊടകര കുഴല്‍പ്പണക്കേസ്: ‘ബിജെപി നടത്തിയത് അട്ടിമറി ശ്രമം, കേസില്‍ ഇഡി നിലപാട് അത്ഭുതപ്പെടുത്തുന്നു’: വിജയരാഘവന്‍

    തിരുവനനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനോട് പ്രതികരിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി കള്ളപ്പണം ഒഴുക്കിയിരുന്നുവെന്നും ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയതെന്നും വിജയരാഘവന്‍ ആരോപിച്ചു. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ ബിജെപി കൊടി വച്ച കാറിലാണ് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ഇഡിയുടെ ഈ കേസിലുള്ള നിസ്സംഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ വിജയരാഘവന്‍ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം അന്വേഷിക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

    കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ പരാതിക്കാരനായ ധര്‍മരാജന്റെ കര്‍ണാടകത്തിലെ ഹവാല ബന്ധങ്ങള്‍  പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധര്‍മരാജന്റെ ഹവാല റാക്കറ്റില്‍പ്പെട്ട റഷീദാണ് കവര്‍ച്ചാ സംഘത്തിന് വിവരം ചോര്‍ത്തിയതെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു.

    കര്‍ണാകത്തിലെ ഹവാല റാക്കറ്റില്‍ നിന്നാണ് മൂന്നരക്കോടി രൂപ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന് കിട്ടിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ചില ബിജെപി നേതാക്കള്‍ക്ക് കൈമാറാനായിരുന്നു നിര്‍ദേശം.  കമ്മീഷന്‍ വ്യവസ്ഥയിലാണ് ധര്‍മരാജന്‍ ഇടനിലക്കാരനായത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇയാള്‍ സംസ്ഥാനത്തെ ചില മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിശ്വസ്ഥനായിട്ടാണ് അറിയിപ്പെടുന്നത്. ഈ അടുപ്പമാണ് ഹവാല ഇടപാടിന് ധര്‍മാരാജനെ ചുമതലപ്പെടുത്താന്‍ കാരണമെന്നും കരുതുന്നു.