കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നൽകും

    കോവിഡ് ചികില്‍സയ്ക്ക് 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള പേഴ്‌സണല്‍ ലോണുകള്‍ നല്‍കാന്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ പ്രത്യേക പദ്ധതി തയ്യാറാക്കി. ശമ്പളക്കാര്‍ക്കും ശമ്പളക്കാരല്ലാത്തവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നല്‍കാനാണ് തീരുമാനമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജ്കിരണ്‍ റായ് അറിയിച്ചു. ഇതോടൊപ്പം വ്യക്തികളുടെ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ചു നല്‍കാന്‍ ഏകീകൃതമായ പ്രക്രിയകളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്യും.

    കോവിഡ് ചികില്‍സയ്ക്കായി നല്‍കുന്ന വായ്പകള്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കിലുള്ള പലിശയായിരിക്കും ബാധകം. ഏതാനും ബാങ്കുകള്‍ ഇതിനകം തന്നെ കോവിഡ് ചികില്‍സയ്ക്കായുള്ള പേഴ്‌സണല്‍ ലോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനേക്കാള്‍ ലളിതമായ വായ്പകളാവും പുതിയ പദ്ധതി പ്രകാരം ലഭ്യമാകുക. ആറു മാസം മോറട്ടോറിയത്തോടെ 60 മാസം വരെ കാലാവധിയുള്ള പേഴ്‌സണല്‍ ലോണുകളാണ് ചില പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ നല്‍കി വരുന്നത്. 8.5 ശതമാനമാണ് ഇവയുടെ നിരക്ക്. പ്രോസസിങ് ചാര്‍ജ് ഇളവുണ്ട്.  ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ ഒരു വര്‍ഷമെങ്കിലും ശമ്പളമോ പെന്‍ഷനോ വാങ്ങിയിട്ടുള്ളവര്‍, നിലവിലെ വായ്പാ ഉപഭോക്താക്കള്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന മറ്റ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്കാണ് നിലവിലുള്ള പദ്ധതി പ്രകാരം പല ബാങ്കുകളും കോവിഡ് ചികില്‍സയ്ക്ക് വായ്പ നല്‍കുന്നത്.