മാതാടിസ്ഥാനത്തിൽ പൗരത്വം വേണ്ട; കേന്ദ്രസർക്കാരിന്‍റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയിൽ

    ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. മത അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന്‌ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

    കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്‌ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടായിരുന്നു കേന്ദ്ര വിജ്ഞാപനം. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്ല്യതയ്ക്ക് എതിരാണെന്നാണ് ഹർജിയിൽ ലീഗ് ആരോപിക്കുന്നത്.

    അഭിഭാഷകനായ ഹാരിസ് ബീരാൻ മുഖേനയാണ് പി കെ കുഞ്ഞാലിക്കുട്ടി ഹർജി സമർപ്പിച്ചത്. 1955ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹർജിയിലെ വാദം. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.