കുതിരാന്‍ തുരങ്ക നിര്‍മ്മാണം, പുരോഗതി വിലയിരുത്തി കലക്ടര്‍

കുതിരാന്‍ തുരങ്കത്തിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ ദേശീയപാത അധികൃതര്‍ക്കും നിര്‍മാണ ചുമതലയുള്ള കമ്പനിക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസ് മുഖേന തൊഴിലാളികളെ എത്തിക്കുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാണെന്നും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കൂടുതല്‍ തൊഴിലാളികളും യന്ത്ര സംവിധാനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു.

 

തുരങ്കത്തിന്‍റെ മുകള്‍ ഭാഗം സിമന്‍റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികള്‍, കോണ്‍ക്രീറ്റ് ജോലികള്‍, ഇരുവശത്തെയും പ്രവേശന കവാടത്തിലെ പാറ നീക്കം ചെയ്യല്‍, തുരങ്കത്തിന്‍റെ അകത്ത് നടക്കുന്ന ശുചീകരണം, വൈദ്യുതി വിളക്കുകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ കലക്ടര്‍ പരിശോധിച്ചു.

 

ടണലിന്‍റെ അകത്ത് കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള പാതയുടെ ശുചീകരണം നടത്തും. കോണ്‍ക്രീറ്റ് കാന, വാട്ടര്‍ടാങ്ക് എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍, പ്രോജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.