റെയ്ഡുകളിൽ ബാലാവകാശ ലംഘനങ്ങൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

    പോലീസ്, എക്‌സൈസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ നടത്തുന്ന റെയ്ഡുകളിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. വീടുകളിലോ സ്ഥലങ്ങളിലോ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ സാന്നദ്ധ്യമുണ്ടെങ്കിൽ പാലിക്കേണ്ട മാർഗരേഖ ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എക്‌സൈസ് കമ്മീഷണർ എന്നിവർ പുറപ്പെടുവിക്കണമെന്ന് കമ്മീണൻ അംഗങ്ങളായ കെ.നസീർ ചാലിയം, ബബിത ബൽരാജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

    ബാലാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. കുട്ടികൾ മാത്രമുള്ള സ്ഥലത്ത് പരിശോധന നടത്തുമ്പോൾ രക്ഷിതാക്കളുടെയോ കുട്ടികൾക്ക് അടുപ്പമുള്ള മറ്റ് മുതിർന്ന വ്യക്തികളുടെയോ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. കുട്ടികളെ ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. അവരോട് സൗഹൃദപരമായി പെരുമാറണം. കുട്ടികൾ ഉണ്ടെന്ന് മനസ്സിലായാൽ പരിശോധനാ സംഘത്തിൽ വനിത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തണം. റെയ്ഡ് നീണ്ടുപോയാൽ കുട്ടികൾക്ക് ഭക്ഷണവും മറ്റും ലഭ്യമാക്കണം. അതുപോലെ കുട്ടികളുടെ പഠനസാമഗ്രികളും മറ്റും അന്വേഷണത്തിന് അനിവാര്യമെങ്കിൽ മാത്രമേ കസ്റ്റഡിയിൽ എടുക്കാവൂ.

    രക്ഷിതാക്കളെ കസ്റ്റഡിയിലെടുക്കുന്ന പക്ഷം കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറുള്ള നിയമാനുസൃത വ്യക്തിയെയോ തൊട്ടടുത്ത ബന്ധുക്കളെയോ വിവരം അറിയിക്കണം. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും ചെയ്യണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ മാർഗരേഖയിൽ ഉൾപ്പെടുത്തണം.
    കുട്ടിയുടെ മൊഴി അവർ താമസിക്കുന്ന സ്ഥലത്തുപോയി വേണം രേഖപ്പെടുത്തേണ്ടത്. ആറു വയസ്സിൽ താഴെയുള്ള കുട്ടിയെ അമ്മ തനിക്കൊപ്പം നിർത്താൻ ആവശ്യപ്പെട്ടാൽ കുട്ടിയെ അമ്മയിൽ നിന്ന് വേർപ്പെടുത്താൻ പാടില്ല. നിയമാനുസൃത രക്ഷിതാവ് കുട്ടിയെ ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കണം.

    മീനങ്ങാടി സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വീട് പരിശോധിച്ച വേളയിൽ കൊച്ചുകുട്ടികൾ മാത്രമുള്ള വീട്ടിൽ അനുവർത്തിക്കേണ്ട നടപടികൾ പാലിച്ചില്ലെന്ന് കാട്ടി സുൽത്താൻ ബത്തേരി കപ്പാടിയിൽ സി.ജെ ഷിബു നൽകിയ പരാതി തീർപ്പാക്കിയാണ് റെയ്ഡ് മാനദണ്ഡങ്ങൾ വ്യക്തമാക്കി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.