കൊവിഡ് മെഗാ പരിശോധാനാ ക്യാമ്പ് : ഒരുക്കങ്ങള്‍ വിലയിരുത്തി

    കോഴിക്കോട്:   കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും നാളെയും (ജൂലായ് 15,16 തിയതികളില്‍) ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മെഗാ പരിശോധനാ ക്യാമ്പുകളുടെ ഭാഗമായി വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു ഒരുക്കങ്ങൾ വിലയിരുത്തി.

    കടുത്ത നിയന്ത്രണങ്ങളിലൂടെ ഏറെ കാലം മുന്നോട്ടുപോകാനാകില്ലെന്ന് മനസിലാക്കിയാണ് മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15ല്‍ താഴെ എത്തിക്കുന്നതിനാണ് കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നത്.

    എത്രയും പെട്ടെന്ന് ഇളവുകള്‍ നല്‍കി ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ മാറ്റം വരുത്തുന്നതിനായാണ് സംസ്ഥാനത്ത് രണ്ടു ദിവസങ്ങളിലായി രണ്ടു ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്. ഇത് വിലയിരുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കും.

    കൊവിഡിനോടുള്ള പേടി മാറിയ നിലയിലാണ് ചില മേഖലകളില്‍ ജനങ്ങള്‍ ഇടപെടുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ രോഗവ്യാപനം തടയാന്‍ കഴിയാതെ വരികയും ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരികയും ചെയ്യും. ഇക്കാര്യങ്ങള്‍ മനസിലാക്കി ആര്‍.ആര്‍.ടി സംവിധാനമുള്‍പ്പെടയുള്ളവ സജീവമായി പ്രവര്‍ത്തിപ്പിക്കുന്നതിനും കൂടുതല്‍ പേരെ പരിശോധനക്ക് എത്തിക്കുന്നതിനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

    നിലവില്‍ നടത്തുന്നതിലും ഇരട്ടി പരിശോധനകള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശിച്ചു. ഇന്നും നാളെയും നടക്കുന്ന മെഗാ പരിശോധനകളെ കൂടാതെ തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തയ്യാറാകണം.

    രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ വരുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം. കണ്ടെയിന്‍മെന്റ് സോണ്‍, രോഗബാധിതര്‍ കൂടുതലുള്ള വാര്‍ഡുകള്‍, കോളനികളടങ്ങിയ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

    മെഗാ ക്യാമ്പിനായി നടത്തിയ ഒരുക്കങ്ങളും തങ്ങളുടെ പ്രദേശത്ത് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും സ്വീകരിച്ച നടപടികളും തദ്ദേശ സ്ഥാപന മേധാവികള്‍ വിശദീകരിച്ചു. മിക്കയിടങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍, ഓട്ടോ/ടാക്‌സി തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരെ പരിശോധനക്ക് വിധേയമാക്കി. പി.എച്ച്.സികള്‍ കൂടാതെ പ്രത്യേക കേന്ദ്രങ്ങളും പരിശോധനക്കായി തയ്യാറാക്കിയതായും അറിയിച്ചു.

    രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ കിട്ടാത്തവരുണ്ടെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കിട്ടുന്ന മുറക്ക് എത്രയും പെട്ടന്ന് വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തില്‍ ജില്ലയിലെ നഗരസഭ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.