ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്ന B.1.617.2 ന് ആൽഫ വകഭേദത്തേക്കാൾ 40-60 ശതമാനം, അധികം വ്യാപനശേഷിയുണ്ട് – INSACOG കോ-ചെയർ ഡോ. എൻ .കെ. അറോറ

ന്യൂഡൽഹി : 20 ജൂലായ് , 2021

കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കോവിഡ് പരിശോധനയുടെ അടിസ്ഥാന മാനദണ്ഡങ്ങൾ സംബന്ധിച്ചും, ജനിതക നിരീക്ഷണത്തിലൂടെ രോഗ വ്യാപനം എങ്ങനെ നിയന്ത്രണ വിധേയമാക്കാമെന്നതിനെക്കുറിച്ചും അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിൽ ഇന്ത്യൻ SARS-CoV-2 ജെനോമിക്സ് കൺസോർഷ്യം (INSACOG) കോ-ചെയർ ഡോ. എൻ കെ അറോറ വിശദീകരിക്കുകയുണ്ടായി.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) എന്നിവയുടെ കീഴിലുള്ള 28 ലബോറട്ടറികളുടെ കൂട്ടായ്മയാണ് INSACOG. 25/12/2020 നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം INSACOG ന് തുടക്കമിട്ടത്.

അടുത്തിടെ INSACOG അതിന്റെ പ്രവർത്തന പരിധി വർദ്ധിപ്പിച്ചു. INSACOG ന്റെ വികാസത്തിന് പിന്നിലെ ചിന്ത എന്താണ്?

പുതിയ വകഭേദങ്ങൾ ഒരു വലിയ പ്രദേശത്ത് വ്യാപിക്കുന്നതിനുമുമ്പ് അതിനെ നിയന്ത്രണ വിധേയമാക്കാൻ കർശന ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ ലക്‌ഷ്യം മുൻനിർത്തി 2020 ഡിസംബറിൽ സ്ഥാപിതമായ ഇന്ത്യൻ SARS-CoV-2 ജെനോമിക്സ് കൺസോർഷ്യം (INSACOG) 10 ലബോറട്ടറികളുടെ ഒരു കൂട്ടായ്മയാണ്. അടുത്തിടെ 18 ലബോറട്ടറികൾ കൂടി ഇതിന്റെ ഭാഗമായി

SARS-CoV-2 ന്റെ ജനിതക നിരീക്ഷണം നടത്താനും മുഴുവൻ ജനിതക ശ്രേണീ (WGS) വിവരങ്ങളെയും ക്ലിനിക്കൽ, എപ്പിഡെമോളജിക്കൽ ഡാറ്റയുമായി പരസ്പരബന്ധിതമാക്കാനും ശക്തമായ ഒരു ലബോറട്ടറി ശൃംഖല സ്ഥാപിക്കുക എന്നതാണ് ഇതിന് പിന്നിലെ ആശയം. ഏതെങ്കിലും ഒരു വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണോ രോഗ തീവ്രത കൂടുതലാണോ, പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്നുണ്ടോ,അസാധാരണമായ അണുബാധയ്ക്ക് കരണമാകുന്നുണ്ടോ, വാക്സിൻ ഫലപ്രാപ്തിയെ ബാധിക്കുന്നുണ്ടോ, നിലവിലെ പരിശോധനകൾ വഴി രോഗനിർണയം സാധ്യമാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശകലം ചെയ്യാൻ ഇതുവഴി സാധ്യമാകും.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) ഈ ഡാറ്റ വിശകലനം ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി രാജ്യം മേഖലകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ലാബിനും ഒരു പ്രത്യേക മേഖലയുടെ ഉത്തരവാദിത്തം ഏൽപിപ്പിച്ചിരിക്കുന്നു. ഓരോ ക്ലസ്റ്ററിലും ഏകദേശം 4 ജില്ലകൾ വീതമടങ്ങുന്ന 180-190 ക്ലസ്റ്ററുകൾ രൂപീകരിച്ചു. തീവ്രമായ രോഗബാധ സംബന്ധിച്ച വിവരങ്ങൾ, വാക്സിൻ പലപ്രദമാകാത്ത അണുബാധകൾ സംബന്ധിച്ച വിവരങ്ങൾ, മറ്റ് ക്ലിനിക്കൽ വിവരങ്ങൾ തുടങ്ങിയവയും രോഗികളുടെ പതിവ് സ്രവ സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കും ശ്രേണീകരണത്തിനുമായി മേഖലാ ലബോറട്ടറികളിലേക്ക് അയയ്ക്കുന്നു. പ്രതിമാസം 50,000 സാമ്പിളുകളുടെ ശ്രേണീകരണം നിലവിൽ രാജ്യത്ത് സാധ്യമാണ്. നേരത്തെ 30,000 സാമ്പിളുകളായിരുന്നു ശേഷി.

വകഭേദങ്ങളെ തിരിച്ചറിയുന്നതിനും തുടർ പരിശോധനകൾക്കും ഏത് തരത്തിലുള്ള സംവിധാനമാണ് രാജ്യത്തുള്ളത്?

സംയോജിത രോഗ നിരീക്ഷണത്തിനായി സുസ്ഥിരമായ ഒരു സംവിധാനം ഇന്ത്യയിലുണ്ട്. ജില്ല / സെന്റിനൽ കേന്ദ്രങ്ങളിൽ നിന്ന് റീജിയണൽ ജീനോം സീക്വൻസിംഗ് ലബോറട്ടറികളിലേക്കുള്ള (RGSL) സാമ്പിൾ ശേഖരണവും ഗതാഗതവും IDSP ഏകോപിപ്പിക്കുന്നു.ജനിതക ശ്രേണീകരണത്തിനും വേരിയൻറ്സ് ഓഫ് കൺ‌സെൻ‌സ് (VOC) / വേരിയൻറ്സ് ഓഫ് ഇൻററസ്റ്റ് (VOI), പൊട്ടൻഷ്യൽ വേരിയൻറ്സ് ഓഫ് ഇൻററസ്റ്റ്, മറ്റ് വകഭേദങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് RGSL-കൾ‌ക്കാണ് ഉത്തരവാദിത്തം. സംസ്ഥാന തലത്തിലെ നിരീക്ഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് വേരിയൻറ്സ് ഓഫ് കൺ‌സെൻ‌സ് (VOC) / വേരിയൻറ്സ് ഓഫ് ഇൻററസ്റ്റ് (VOI) എന്നിവയുടെ ക്ലിനിക്കൽ – എപ്പിഡെമോളജിക്കൽ പരസ്പര ബന്ധ പഠനത്തിനായി കേന്ദ്ര നിരീക്ഷണ യൂണിറ്റിന് നേരിട്ട് സമർപ്പിക്കുന്നു. തുടർന്ന് സാമ്പിളുകൾ നിയുക്ത ബയോ ബാങ്കുകളിലേക്ക് അയയ്ക്കുന്നു.

RGSL-കൾ‌, പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ഒരു ജനിതക വകഭേദം തിരിച്ചറിഞ്ഞാൽ, അത് സയന്റിഫിക് ആൻഡ് ക്ലിനിക്കൽ അഡ്വൈസറി ഗ്രൂപ്പിന് (SCAG) സമർപ്പിക്കുന്നു. അതിനുശേഷം SCAG അതിന്റെ സാധ്യതകളെക്കുറിച്ചും വകഭേദത്തെക്കുറിച്ചും വിദഗ്ധരുമായി ചർച്ചചെയ്യുന്നു. ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണത്തിനായി കേന്ദ്ര നിരീക്ഷണ യൂണിറ്റിലേക്ക് ശുപാർശ ചെയ്യുന്നു.

ആരോഗ്യ മന്ത്രാലയം, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, ബയോടെക്നോളജി വകുപ്പ്, കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സംസ്ഥാനതലത്തിലെ ചുമതലപ്പെട്ടവർ, NCDC യുടെ ഒരു യൂണിറ്റായ IDSP എന്നിവ ക്ലിനിക്കൽ – എപ്പിഡെമോളജിക്കൽ പരസ്പര ബന്ധ പഠനത്തിലും വിവരവിനിമയത്തിലും പങ്കാളികളായി വർത്തിക്കുന്നു..

അവസാനമായി, പുതിയ വകഭേദങ്ങളെ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കുന്നു. വ്യാപന സാധ്യത, രോഗ തീവ്രത, വാക്സിൻ ഫലപ്രാപ്തി, പ്രതിരോധ ശേഷി മറികടക്കാനുള്ള സാധ്യത എന്നീ മേഖലകളിലാണ് ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നത്.

ഡെൽറ്റ വകഭേദം ആഗോളതലത്തിൽ ആശങ്കയ്ക്ക് കാരണമാണ്. ഈ വകഭേദത്തെ ഇത്രയധികം അപകടകാരിയാക്കുന്നത് എന്താണ് ?

കോവിഡ് -19 ന്റെ വകഭേദമായ B.1.617.2 ആണ് ഡെൽറ്റ വകഭേദം എന്നറിയപ്പെടുന്നത്. 2020 ഒക്ടോബറിലാണ് ഇത് ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്.രാജ്യത്തെ രണ്ടാം തരംഗത്തിന് പ്രധാനമായും കാരണമായത് ഈ വകഭേദമാണ്. ഇപ്പോൾ പുതിയ കോവിഡ് -19 കേസുകളിൽ 80 ശതമാനവും ഡെൽറ്റ വകഭേദമാണ്. മഹാരാഷ്ട്രയിൽ ആദ്യം കണ്ടെത്തിയ ഈ വകഭേദം രാജ്യത്തിൻറെ പടിഞ്ഞാറും വടക്കുമാണ് ആദ്യം വ്യാപിച്ചതെങ്കിൽ തുടർന്ന് മധ്യഭാഗത്തും കിഴക്കൻ സംസ്ഥാനങ്ങളിലും പ്രവേശിച്ചു.

ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ഈ ജനിതകമാറ്റം കോശങ്ങളുടെ ഉപരിതലത്തിൽ നിലവിലുള്ള ACE2 റിസപ്റ്ററുകളുമായി ബന്ധിപ്പിക്കാൻ സഹായകമായി. കൂടുതൽ വ്യാപന ശേഷിയുള്ളതും ശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കാൻ പ്രാപ്തിയുള്ളതുമാകാൻ കാരണമിതാണ്. അതിന്റെ തന്നെ മുൻഗാമിയേക്കാൾ (ആൽഫ വകഭേദത്തെക്കാൾ) 40-60 ശതമാനം കൂടുതൽ വ്യാപന ശേഷിയുമുണ്ട്. ഇതിനോടകം യുകെ, യുഎസ്എ, സിംഗപ്പൂർ ഉൾപ്പെടെ 80 ലധികം രാജ്യങ്ങളിലേക്ക് ഈ വകഭേദം വ്യാപിച്ചു കഴിഞ്ഞു.

മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ തീവ്രമായ രോഗബാധയ്ക്ക് കാരണമാകുമോ?

ഈ വകഭേദത്തിൽ ഒരു സിൻസിറ്റിയം രൂപീകരണത്തിന് കാരണമാകുന്ന ചില ജനിതകമാറ്റങ്ങൾ ഉണ്ടെന്ന് കാണിക്കുന്ന പഠനങ്ങളുണ്ട്. കൂടാതെ, ഒരു മനുഷ്യകോശത്തെ ആക്രമിച്ച് അത് വളരെ വേഗം പടരുന്നു. ശ്വാസകോശം പോലുള്ള ആന്തരിക അവയവങ്ങളിൽ ശക്തമായ കോശജ്വലന പ്രക്രിയയിലേക്ക് നയിക്കുന്നു. എങ്കിലും ഡെൽറ്റ വകഭേദം മൂലമുള്ള രോഗം കൂടുതൽ തീവ്രമാണെന്ന് പറയാൻ പ്രയാസമാണ്. ഇന്ത്യയിലുണ്ടായ രണ്ടാം തരംഗത്തിൽ വിവിധ പ്രായക്കാരിലെ മരണം ആദ്യ തരംഗത്തിൽ കണ്ടതിന് സമാനമാണ്.

ഡെൽറ്റ വകഭേദത്തെക്കാൾ അപകടകരമാണോ ഡെൽറ്റ പ്ലസ് വകഭേദം ?

മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ 11 സംസ്ഥാനങ്ങളിലായി ഇതുവരെ 55-60 പേരിൽ ഡെൽറ്റ പ്ലസ് വകഭേദമായ AY.1, AY.2 എന്നിവ കണ്ടെത്തി. നേപ്പാൾ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, പോളണ്ട്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും AY.1 കാണപ്പെടുന്നുണ്ടെങ്കിലും AY.2 കുറവാണ്. വകഭേദങ്ങളുടെ വ്യാപനശേഷി, തീവ്രത, വാക്സിനുകളെ മറികടക്കാനുള്ള ശേഷി എന്നിവ ഇപ്പോഴും പഠനവിധേയമാണ്.

ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണോ?

അതെ, ഈ വിഷയത്തിൽ ICMR നടത്തിയ പഠനങ്ങൾ പ്രകാരം നിലവിലെ വാക്സിനുകൾ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണ്, .

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. എന്തുകൊണ്ട്?

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും, ചില പ്രദേശങ്ങളിൽ രോഗസ്ഥിരീകരണ നിരക്ക് (Test Positivity Rate-TPR) കൂടുതലാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും തെക്കൻ സംസ്ഥാനങ്ങളിലെ ജില്ലകളിലുമാണ് ഇത്. ഇതിനു കാരണം ഡെൽറ്റ വകഭേദമാകാൻ സാധ്യതയുണ്ട്.

ഭാവിലുണ്ടാകാൻ സാധ്യതയുള്ള തരംഗങ്ങളെ തടയാൻ കഴിയുമോ?

ഏറ്റവും എളുപ്പത്തിൽ അണുബാധയ്ക്ക് വിധേയമാക്കാൻ സാധ്യതയുള്ള ജനസംഖ്യയെയാണ് ഒരു വൈറസ് ബാധിക്കാൻ തുടങ്ങുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിച്ചതിനുശേഷം ഇത് കുറയുകയും അണുബാധയുണ്ടായ ആളുകളിൽ പ്രകൃതിദത്തമായ പ്രതിരോധശേഷി കുറയുമ്പോൾ തിരിച്ചു വരികയും ചെയ്യുന്നു. പുതിയതും കൂടുതൽ വ്യാപനശേഷിയുള്ളതുമായ വകഭേദങ്ങൾ വന്നാൽ കേസുകൾ വർദ്ധിച്ചേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അടുത്ത തരംഗം വൈറസ് വകഭേദത്തിന്റെ സ്വഭാവത്തെയും വ്യാപന സാധ്യത നിലനിൽക്കുന്ന ഗണ്യമായ ജനസംഖ്യയെയുംആശ്രയിച്ചിരിക്കുന്നു

രണ്ടാം തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തുവയ്പ്പ് നൽകാൻ കഴിഞ്ഞാൽ ഭാവിയിലെ തരംഗങ്ങൾ താമസിപ്പിക്കാനും നിയന്ത്രണവിധേയമാക്കാനും കഴിയും.
നമ്മുടെ ജനസംഖ്യയുടെ ഗണ്യമായ ഒരു വിഭാഗത്തിന് പ്രതിരോധ കുത്തുവയ്പ്പ് ലഭിക്കുന്നതുവരെ ജനങ്ങൾ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ ഫലപ്രദമായി പിന്തുടരുകയെന്നതാണ് ഏറ്റവും പ്രധാനം. .

കോവിഡ് -19 നെ നേരിടാൻ ജനങ്ങൾ പ്രതിരോധ കുത്തുവയ്പ്പിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.