പട്ടികജാതി-വർഗക്കാർക്കായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി

ആലപ്പുഴ: പട്ടികജാതി-വർഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ ഫലദ്രമായി നടപ്പാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ നടത്തിവരുന്ന പി.കെ കാളൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ആസൂത്രണ പദ്ധതിയിലൂടെ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ജീവിതനിലവാരത്തിൽ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിട്ടത്. ജീവിതനിലവാരത്തിൽ മാറ്റമുണ്ടായി. എന്നാൽ വേണ്ടത്ര മാറ്റമുണ്ടായോയെന്ന് സ്വയംവിമർശനപരമായി വിലയിരുത്തണം. താഴേത്തട്ടിലുള്ളവരുടെ അറിവോടും സമ്മതത്തോടും കൂടി പദ്ധതികൾ നടപ്പാക്കണമെന്ന് അന്നു വിഭാവനം ചെയ്തിരുന്നു. ഇത് പ്രാവർത്തികമാക്കുന്നതിനായാണ് സുസ്ഥിരവികസന പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക വർഗ വിഭാഗത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖാന്തിരം നടപ്പാക്കുന്ന പി.കെ. കാളൻ പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾ കാണുന്നതിനും വിലയിരുത്തുന്നതിനുമായാണ് മന്ത്രി സന്ദർശനം നടത്തിയത്.

പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ 165 കുടുംബങ്ങളെ ലക്ഷമിട്ടാണ് പദ്ധതി നടപ്പാക്കിയത്. പുതിയ വീട്, വീടിന്റെ പുനരുദ്ധാരണം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ, തൊഴിൽ സംരംഭം, പരിസരം മണ്ണിട്ടുയർത്തൽ തുടങ്ങി സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികളാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ഉള്ളാട വിഭാഗത്തിൽപ്പെട്ട മരം വെട്ട് തൊഴിലാളെ ചേർത്ത് രൂപീകരിച്ച ഉള്ളാട ട്രെഡീഷണൽ വുഡ് ക്രാഫ്റ്റ് സൊസൈറ്റിയും കയർ റാട്ടു കേന്ദ്രവും മന്ത്രി സന്ദർശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി സംഗീത, വൈസ് പ്രസിഡന്റ് കെ. എ ജോസ് സിംസൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല സുരേഷ്, പഞ്ചായത്ത് അംഗം ബി.സജി
കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സേവ്യർ, ജില്ലാ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ഷുമിൻ എസ്. ബാബു, ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.അനീഷ് തുടങ്ങിയവർ സന്നിഹിതരായി.