ട്രാൻസ്‌ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: വിദഗ്ധ സമിതി പഠനം നടത്തും

ട്രാൻസ്‌ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങൾ എന്നിവയെ സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിലാണ് തീരുമാനം. അനന്യകുമാരുടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
നിലവിൽ സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ഏകീകൃത മാനദണ്ഡം നിലവിലില്ല. സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതും വിദഗ്ധ സമിതി പരിശോധിക്കും. ട്രാൻസ്‌ജെൻഡറുകൾക്ക് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതും സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണനാ വിഭാഗമായി ഉൾപ്പെടുത്തുന്നതും പരിശോധിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പാഠ്യപദ്ധതിയിലും അധ്യാപക കരിക്കുലത്തിലും സെക്ഷ്വൽ ഓറിയന്റേഷൻ ആന്റ് ജെൻഡർ ഐഡന്റിറ്റി എന്ന വിഷയം ഉൾപ്പെടുത്തുന്നത് പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു.