നാടകം തുടങ്ങുകയാണ്. മോഹൻലാൽ എന്നെ അടുത്തേക്കു വിളിച്ചു. …..

“അണിയറയിലെ ഒരുക്കമെല്ലാം പൂർത്തിയായി. നാടകം തുടങ്ങുകയാണ്. മോഹൻലാൽ എന്നെ അടുത്തേക്കു വിളിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തതാണു സംഭവിച്ചത്. ആ മഹാനടൻ ഏറെ പ്രായം കുറവുള്ള എന്റെ കാൽ തൊട്ടു വന്ദിച്ചു! ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ പകച്ച ഞാൻ അടുത്തനിമിഷം അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചു. എഴുന്നേറ്റപ്പോൾ ഒരു ക്രാന്തദർശിയെപ്പോലെ അദ്ദേഹം എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു: `അങ്ങേയ്ക്ക് ഉറപ്പായും ഒരുപാടു കണ്ണേറു കിട്ടും, സൂക്ഷിക്കണം. അവതരണം കഴിഞ്ഞാലുടൻ ഒരു തേങ്ങ തലയ്ക്കുഴിഞ്ഞ് അടിച്ചേക്കണം.’ അതിൽ വിശ്വാസമില്ലെങ്കിലും അനുസരണക്കേടു വേണ്ടെന്നുകരുതി ഒരാളെ വിട്ട് അപ്പോൾത്തന്നെ ഒരു തേങ്ങ വാങ്ങി വച്ചു. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ തേങ്ങ കാണാനില്ല! ആരോ അടിച്ചുമാറ്റി! ഇവനു കണ്ണേറു കിട്ടുന്നെങ്കിൽ കിട്ടി തുലഞ്ഞുപോട്ടെ എന്ന് ആരെങ്കിലും കരുതിയതാണോ എന്നറിയില്ല. ഏതായാലും, കണ്ണേറല്ലെങ്കിലും പിന്നിൽനിന്നു ധാരാളം കുത്തുകിട്ടിയ കാലഘട്ടമായിരുന്നു പിന്നത്തേത്.”

മനോജ് കെ. പുതിയവിളയുടെ ‘വെളിച്ചത്തിലേക്കു നടത്തുന്നവർ’ എന്ന പുസ്തകത്തിലുള്ള പ്രമുഖ നാടകപ്രവർത്തകൻ പ്രശാന്ത് നാരായണന്റെ ദീർഘാഭിമുഖത്തിൽനിന്നുള്ള ഭാഗമാണിത്.

പ്രതിഭാശാലിയായ നാടകകാരനായി നാം അറിയുന്ന പ്രശാന്ത് നാരായണൻ അസൂയയുടെയും കുത്തിത്തിരിപ്പുകളുടെയും ഇരയായി പ്രിയപ്പെട്ട നാടകപഠനം പൂർത്തിയാക്കാനാവാതെ പൂറത്തുപോകേണ്ടിവന്ന കഥ അഭിമുഖത്തിൽ വിവരിക്കുന്നു. പഠിച്ചു സർട്ടിഫിക്കറ്റു വാങ്ങിയ പലരെയും‌കാൾ മികച്ച സംഭാവനകൾ നല്കാൻ കഴിഞ്ഞത് അച്ചടക്കത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത പ്രകൃതവും ചിന്തകളുംകൊണ്ട് ആകാം. സ്കൂൾ ഓഫ് ഡ്രാമയുടെ പടിയിറങ്ങിയതിന്റെ നൈരാശ്യവും ധർമ്മരോഷവും സ്വസഹോദരനും തള്ളിപ്പറഞ്ഞതിന്റെ ആത്മവ്യഥയുമായി, ജീവിതം അവസാനിപ്പിക്കാനുറച്ച്, ചിതറിത്തെറിച്ച് ഒരു കഷണം സ്കൂൾ ഓഫ് ഡ്രാമയുടെ വളപ്പിലും വീഴണം എന്ന ചിന്തയോടെ സമീപത്തെ റയിൽ പാളത്തിലൂടെ നടന്നതും അവിചാരിതമായെത്തിയ സുഹൃത്ത് രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചതും അവിടെനിന്നാരംഭിച്ച പട്ടിണിയുടെയും അരാജകത്വത്തിന്റെയും അവധൂതയാത്രകളുമൊക്കെ പ്രശാന്തിന്റെ നാടകങ്ങളെക്കാൾ നാടകീയതകൾ നിറഞ്ഞതാണ്. ഏറെക്കാലത്തിനുശേഷം മരണത്തെ മുഖാമുഖം കണ്ട കഥയും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഛായാമുഖിയുടെ റിഹേഴ്സലിനിടെ മരണത്തിന്റെ വായിൽപ്പെട്ടപ്പോൾ സ്വന്തം വണ്ടിയിൽ നടൻ മോഹൻലാൽ ആശുപത്രിയിലെത്തിച്ചു രക്ഷപ്പെടുത്തിയതും പത്തുപതിനെട്ടു ദിവസം ബോധരഹിതനായി കിടന്നതും അത്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നതും സ്വജീവിതം അടിമുടി മാറ്റിമറിച്ചതായി നാടകകാരൻ പറയുന്നു. സ്വന്തം കഥ മാത്രമല്ല, മുപ്പതോളം സ്വന്തം നാടകങ്ങൾ രൂപപ്പെട്ടതിന്റെ കഥയും വിവരിക്കുന്ന അഭിമുഖം നാടകപരിശീലനം മുതൽ നാടകപരിപോഷണം വരെയുള്ള വിവിധവിഷയങ്ങളിലേക്കും അവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പൊതുസ്ഥാപനങ്ങൾ എങ്ങനെയെല്ലാം നന്നാക്കാനാകുമെന്ന ചിന്തകളിലേക്കും ആ അഭിമുഖം എത്തുന്നു.

പലർക്കും അറിയാത്ത ഇത്തരം ഒട്ടനവധി കൗക്തുകകരമായ വിവരങ്ങളുള്ള ഈ പുസ്തകംത്തരത്തിൽ ആറു വ്യത്യസ്തമേഖലകളിൽ സവിശേഷമായ ദൗത്യങ്ങൾ നിർവ്വഹിക്കുന്ന ആറുപേരെ പരിചയപ്പെടുത്തുന്നു. ഇതിൽ നാലു മലയാളികളും രണ്ടു വൈദേശികരുമാണ്.

സ്വതന്ത്രലൈസൻസിൽ ഡിജിറ്റൽ രൂപങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിവിധതരം പതിപ്പുകൾക്കുള്ള ലിങ്കുകൾ ചുവടെ:

HTML: http://ax.sayahna.org/mpv/deeptham-aa.html

PDF: http://tinyurl.com/6u2ausyk

Print: https://forms.gle/73uHJsm8yiU1khsN8 –
(അച്ചടിച്ച പുസ്തകത്തിന് ഇപ്പോൾ പണം അടയ്ക്കേണ്ടതില്ല. ഓർഡർ നല്കിയാൽ അച്ചടിക്കുന്നമുറയ്ക്ക് വി.പി.പി. ആയി അയച്ചുതരും.)

പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്ന മറ്റു സവിശേഷവ്യക്തികളെയും വിഷയങ്ങളെയുംപറ്റി:

സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മോട്ടോർ ന്യൂറോൺ രോഗത്തെത്തുടർന്ന് 1970-കളിൽ ദില്ലിയിലെ എയിംസ് പ്രവചിച്ച ആസന്നമരണത്തെ വെല്ലുവിളിച്ച് ലോകോത്തരജേണലുകൾ രൂപശില്പിയായി മാറിയ സി.വി.ആർ. എന്ന സി.വി. രാധാകൃഷ്ണൻ ജീവിതം‌കൊണ്ടു നമ്മെ അത്ഭുതപ്പെടുത്തുമ്പോൾ, അന്ധതയെ വെല്ലുവിളിച്ചു കുതിരസവാരിയും നീന്തലും വരെ പഠിക്കുകയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ പലതരം വെല്ലുവിളികളെ അതിജീവിക്കുന്ന സമൂഹങ്ങൾക്കു സാമൂഹികസംരംഭങ്ങൾ പടുത്തുയർത്താൻ സഹായിക്കുന്ന സെബ്രിയെ ടെം‌ബെർക്കെൻ സ്വന്തം ജീവിതവഴികൊണ്ടാണു വിസ്മയിപ്പിക്കുക.

കേരളീയർക്കു ചിരപരിചിതനായ മുൻധനമന്ത്രി തോമസ് ഐസക്കിന്റെ നമുക്കറിയാത്ത വ്യക്തിജീവിതമാണു മറ്റൊരു അഭിമുഖം വെളിവാക്കുന്നത്. പുരോഹിതനാകാൻ പോയി വിപ്ലവകാരിയും അക്കാദമീഷ്യനും വികസനവിദഗ്ദ്ധനും ഭരണാധികാരിയുമൊക്കെ ആയിത്തീർന്ന ജീവിതത്തിലെ നാടകീയമായ വഴിത്തിരിവുകളിൽ വധശ്രമത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതും ആളുമാറി മറ്റൊരാൾ കൊല്ലപ്പെടുന്നതും മറ്റൊരിക്കൽ പൊലീസിനെ വെട്ടിച്ച് ഓടി ആശൂപത്രിമതിൽ ചാടിക്കടന്ന് സി.എൻ. ശ്രീകണ്ഠൻ നായർ ചികിത്സയിൽ കഴിഞ്ഞ മുറിയുടെ കുളിമുറിയിൽ ഒളിച്ചതും നാട്ടിൽ ഒളിവിൽ കഴിയവെ പൊലീസ് അറസ്റ്റ് ചെയ്തു പരസ്യമായി നടത്തിക്കൊണ്ടുപോയതും ജീവിതത്തിന്റെ വഴിമാറ്റിയ ദാരുണമായ ബസപകടവും വിവാഹവും വിവാഹമോചനവും ഒക്കെയായി സംഭവബഹുലമാണാ കഥ.

കേരളസമൂഹത്തെ സാമൂഹികശാസ്ത്രജ്ഞൻ എന്ന നിലയിൽ സവിശേഷകാഴ്ചപ്പാടിൽ വിശകലനം ചെയ്യുന്ന ആർ.വി.ജി. മേനോൻ നമ്മുടെ സമൂഹം ശാസ്ത്രബോധമില്ലാത്തതായതിന്റെ കാരണവും നമ്മുടെ നവോത്ഥാനപരിശ്രമങ്ങൾക്കും സാമൂഹികപരിഷ്ക്കരണശ്രമങ്ങൾക്കും സംഭവിച്ച വിപര്യയവും അന്ധവിശ്വാസങ്ങളിലേക്കു നാം എത്തിപ്പെടുന്ന രീതികളും സരസമായി അവതരിപ്പിക്കുന്നു. ഇന്നു കേരളം ചർച്ച ചെയ്യുന്ന ഉന്നതവിദ്യാഭ്യാസമേഖലയുടെ ഉടച്ചുവാർക്കലിനെപ്പറ്റിയുള്ള ദീർഘമായ ഭാഗവും അഭിമുഖത്തിലുണ്ട്.

ഗാന്ധിസമരത്തിന്റെ ലോകായനം വിവരിക്കുന്ന മേരി എലിസബെത്ത് കിങ് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ സഹപ്രവർത്തകയും അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുടെ ഉപദേഷ്ടാവും ആയിരുന്നു. അമേരിക്കയിലെ പൗരാവകാശപ്രക്ഷോഭം സംഘടിപ്പിക്കാൻ അവിടെനിന്നു പ്രവർത്തകർ സംഘങ്ങളായി ഇൻഡ്യയിൽ വന്നു ഗാന്ധിയൻ സഹനസമരം കണ്ടു പഠിച്ചു പോയതും അതു വിജയപൂർവ്വം നടപ്പാക്കിയതും അതിന്റെ പ്രയോഗരീതികൾ പുസ്തകമാക്കി പരിശീലിപ്പിച്ചു ലോകരാജ്യങ്ങളിലൊക്കെ സമരങ്ങൾ സംഘടിപ്പിച്ചതുമൊക്കെ അവർ വിവരിക്കുന്നത് ഏതു ഭാരതീയരെയും അത്ഭുതപ്പെടുത്തും. ബർലിൻ മതിൽ പൊളിയുന്നതിലേക്കും സോവ്യറ്റ് സമൂഹങ്ങൾ സ്വയംഭരണം നേടുന്നതിലേക്കും നയിച്ച സമരങ്ങളടക്കം അടുത്തകാലത്തു നടന്ന മുല്ലപ്പൂവിപ്ലവങ്ങളും ഒക്കുപ്പൈ വാൾസ്റ്റ്രീറ്റ് സമരവും വരെ സംഘടിപ്പിച്ചത് അതതുസ്ഥലത്തെ സമരക്കാർ അതിനു മുമ്പു സമരങ്ങൾ നടന്ന നാടുകളിൽ പോയി ഗാന്ധിയൻ സമരരീതികൾ പഠിച്ചുവന്നു നടത്തിയവയാണത്രെ!

ഇത്തരത്തിൽ ചിലർ ജീവിതം‌കൊണ്ടും കർമ്മം‌കൊണ്ടും അനുഭവം‌കൊണ്ടും ചിന്തകൊണ്ടും ഒക്കെ വിസ്മയിപ്പിക്കുന്നവയാണ് ഈ പുസ്തകത്തിലെ അഭിമുഖങ്ങളോരോന്നും. പത്രപ്രവർത്തകൻ എന്ന നിലയിൽ ചെയ്ത ധാരാളം അഭിമുഖങ്ങളിൽ ഇനിയുമേറെപ്പേർ വായിക്കണം എന്ന് അഭിമുഖകാരനുതന്നെ തോന്നിയിരുന്നവ തെരഞ്ഞെടുത്തു സമാഹരിച്ചതാണു പുസ്തകം.