കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും ( ഓഗസ്റ്റ് 12, 13) തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തെക്ക്- കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ സമീപത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ്14 മുതല്‍ 16 വരെ തെക്ക്, മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇന്നു (ഓഗസ്റ്റ് 12) മുതല്‍ 16 വരെ തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ വരെയും വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കളക്ടര്‍ അറിയിച്ചു.