തൊഴിലിടങ്ങളില്‍ വനിതകള്‍ക്കായുള്ള പരാതി സെല്ലുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം: വനിതാ കമ്മീഷന്‍

ആലപ്പുഴ: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുഗമമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ സ്ഥാപനങ്ങളില്‍ പരാതി കമ്മിറ്റികളുടെ (ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി) പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്ന് വനിതാ കമ്മീഷന്‍. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലായിരുന്നു നിര്‍ദ്ദേശം. ദേശസാല്‍കൃത ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ പോലും പരാതി കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന് കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത് ഏറെ ഗൗരവമുള്ളതാണ്. സുപ്രീം കോടതിയുടെയും സര്‍ക്കാരിന്റേയും വനിതാ കമ്മീഷന്റേയും പ്രത്യേക നിര്‍ദ്ദേശമാണ് തൊഴില്‍ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്കായി പരാതി കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുക എന്നത്. ഇത് കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ കമ്മീഷന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവുമെന്നും കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എം.എസ് താര, അഡ്വ.ഷിജി ശിവജി എന്നിവര്‍ പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടന്നത്. 100 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 46 പരാതികള്‍ തീര്‍പ്പാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല പരാതിക്കാര്‍ക്കും നേരിട്ട് വരാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍ വഴി ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പല പരാതികളും തീര്‍പ്പാക്കാനായി. 12 പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി കൈമാറിയിട്ടുണ്ട്. 42 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവെച്ചു. സെപ്റ്റംബര്‍ രണ്ടാം വാരം ജില്ലയില്‍ അടുത്ത അദാലത്ത് നടക്കും. വനിതാ കമ്മീഷന്‍ അഭിഭാഷക, പാനലിലെ അഭിഭാഷകര്‍, കമ്മീഷന്‍ സി. ഐ. സുരേഷ്‌കുമാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.